ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി, മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍; തോക്കും തിരകളും കണ്ടെടുത്തു; പരാതി നല്‍കി കുട്ടിയുടെ അമ്മ

Update: 2025-11-09 11:59 GMT

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരേ സഹപാഠികള്‍ വെടിയുതിര്‍ത്തു. വെടിയേറ്റ 17-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉന്നതരും സമ്പന്നരായ പ്രമുഖരും താമസിക്കുന്ന ഗുരുഗ്രാം സെക്ടര്‍ 48-ലെ സെന്‍ട്രല്‍ പാര്‍ക്ക് റിസോര്‍ട്ട്സില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളിലൊരാളുടെ പിതാവിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് സഹപാഠിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളും വെടിയേറ്റ കുട്ടിയും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും മൂവരും ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്നും പോലീസ് വ്യക്തമാക്കി.

മുഖ്യപ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് സഹപാഠിയായ 17-കാരനെ മുഖ്യപ്രതിയുടെ പിതാവ് വാടകയ്ക്കെടുത്തിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുഖ്യപ്രതിയാണ് തനിക്ക് നേരിട്ട് കാണണമെന്ന് പറഞ്ഞ് സഹപാഠിയായ 17-കാരനെ ആദ്യം ഫോണില്‍ വിളിച്ചത്. എന്നാല്‍, 17-കാരന്‍ ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. വീണ്ടും വിളിച്ചതോടെ കാണാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് മുഖ്യപ്രതിയായ കുട്ടി തന്നെയാണ് 17-കാരനെ വീട്ടില്‍നിന്ന് അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോളാണ് രണ്ടാമത്തെ വിദ്യാര്‍ഥിയെ 17-കാരന്‍ കണ്ടത്. തൊട്ടുപിന്നാലെ മുഖ്യപ്രതിയായ വിദ്യാര്‍ഥി 17-കാരന് നേരേ നിറയൊഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ 17-കാരനെ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.

പ്രതികളിലൊരാളായ 17 വയസ്സുകാരന്‍ സഹപാഠിയെ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു തോക്കും 65-ഓളം തിരകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

പരാതി നല്‍കിയത് കുട്ടിയുടെ അമ്മ

വെടിയേറ്റ കുട്ടിയുടെ അമ്മ സദര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് മുഖ്യ പ്രതി മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ്. മകന്‍ ആദ്യം വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തെ തുടര്‍ന്ന് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മുഖ്യ പ്രതി മകനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍, അവിടെ മറ്റൊരു സഹപാഠിയും ഉണ്ടായിരുന്നു. മുഖ്യ പ്രതി തന്റെ പിതാവിന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ കുട്ടിയെ മെദാന്ത ആശുപത്രിയില്‍ എത്തിച്ചു. അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയ പെട്ടിയില്‍ നിന്ന് പിസ്റ്റള്‍, മാഗസിന്‍, അഞ്ച് ലൈവ് കാട്രിഡ്ജുകള്‍, ഒരു ഒഴിഞ്ഞ ഷെല്‍, കൂടാതെ 65 ലൈവ് കാട്രിഡ്ജുകളുള്ള മറ്റൊരു മാഗസിന്‍ എന്നിവ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ലൈസന്‍സുള്ള ആയുധങ്ങള്‍ സുരക്ഷിതമായും കുട്ടികളുടെ കൈയെത്തും ദൂരത്ത് അല്ലാതെയും സൂക്ഷിക്കണമെന്ന് ഗുഡ്ഗാവ് പൊലീസ് തോക്കുകള്‍ കൈവശം വച്ചിരിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.

Similar News