12ന് രാത്രി ഇവര്‍ക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയില്‍ പോയി കിടക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു; വഴങ്ങാത്തതിന് മര്‍ദ്ദനം; അറസ്റ്റിലായ അമ്മ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥ; കാമുകന്‍ വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവ് യുട്യൂബ് ചാനല്‍ ജീവനക്കാരന്‍; മാതാവും ആണ്‍ സുഹൃത്തും അറസ്റ്റില്‍
കൊച്ചി: കിടപ്പുമുറിയില്‍ നിന്ന് മാറാത്തതിന്റെ പേരില്‍ 12 വയസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവും ആണ്‍ സുഹൃത്തും അറസ്റ്റില്‍. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യു ട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്.
ഭര്‍ത്താവുമായി 2021ല്‍ ബന്ധം വേര്‍പിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്‌ലാറ്റിലാണ് താമസം. സിദ്ധാര്‍ത്ഥ് ജോലി ചെയ്യുന്ന യൂ ട്യൂബ് ചാനല്‍ കൊച്ചിയിലാണ്. ഒരു മാസമായി യുവതിയുടെ ഫ്‌ലാറ്റിലാണ് സിദ്ധാര്‍ത്ഥ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവര്‍ക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയില്‍ പോയി കിടക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു.
ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് 13ന് പുലര്‍ച്ചെ 3.30ഓടെ ഉപദ്രവിച്ചത്. സിദ്ധാര്‍ത്ഥ് ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. പിന്നീട് കഴുത്തിന് പിടിച്ചു തള്ളി. ഇതിനു ശേഷമാണ് അമ്മ നഖം ഉപയോഗിച്ച് കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത്.വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു.
പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ടും ബി.എന്‍.എസ് ആക്ടും ചുമത്തി. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടി നിലവില്‍ പിതാവിന്റെ സംരക്ഷണത്തിലാണ്.