എംപി ബോര്‍ഡ് വച്ച കാറില്‍ യാത്ര; പണം നല്‍കാതെ കടകളില്‍ കയറി ഭക്ഷണം കഴിക്കും; വാടക നല്‍കാതെ ഹോട്ടലില്‍ തങ്ങിയത് 18 ദിവസം; യുപിയില്‍ വ്യാജ എംഎല്‍എയും കൂട്ടാളിയും പിടിയില്‍
ആഗ്ര: ജനപ്രതിനിധി ചമഞ്ഞ് ഹോട്ടലില്‍ സൗജന്യമായി താമസിക്കുകയും ഹോട്ടലുകളില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കുകയും ചെയ്ത വ്യാജ എംഎല്‍എയും കൂട്ടാളിയും അറസ്റ്റില്‍. ഡല്‍ഹി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദും മനോജുമാണ് അറസ്റ്റിലായത്. പതിനെട്ട് ദിവസമാണ് ഇരുവരും ആഗ്ര നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ ഉടമയായ പവന്‍ ബില്ല് കൊടുത്തപ്പോള്‍ ഇരുവരും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പവന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
എംഎല്‍എ എന്ന് അവകാശപ്പെട്ട വിനോദില്‍ നിന്നും പിടിച്ചെടുത്ത കാറില്‍ എംപി എന്നാണ് എഴുതിയിരുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഇമ്രാന്‍ പറഞ്ഞു. പ്രദേശത്തെ നിരവധി സ്ഥാപനങ്ങളിലും പ്രതികള്‍ തട്ടിപ്പ് നടത്തിയതായി പോലിസ് കണ്ടെത്തി. ഇരുവരും കോണ്‍ ആര്‍ടിസ്റ്റുകളാണെന്ന് പോലിസ് വ്യക്തമാക്കി.
18 ദിവസമായിട്ടും പണം നല്‍കാതെ വന്നതോടെ ഹോട്ടല്‍ ഉടമയെ ജീവനക്കാര്‍ കാര്യം അറിയിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമയായ പവന്‍ നേരിട്ടെത്തിപണം ചോദിച്ചെങ്കിലും വിനോദും മനോജും കൊടുക്കാന്‍ തയ്യാറായില്ല. താന്‍ എംഎല്‍എയാണെന്ന് പറഞ്ഞ് വിനോദ് ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിനോദ് എംഎല്‍എ അല്ലെന്ന് കുറ്റസമ്മതം നടത്തി. ഇരുവരും യാത്രയ്ക്ക് ഉപയോഗിച്ച എംപി എന്ന ബോര്‍ഡ് വച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എയെന്ന വ്യാജേന ഡല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞ ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നല്‍കാതെ പലതും വാങ്ങിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.