ചോദ്യം ചെയ്യലില്‍ ഒന്നും പറയാത്ത പഠിച്ച കള്ളന്മാര്‍; കുത്തിയ കത്തി നഷ്ടമായെന്നും മൊഴി; ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിനേയും കബളിപ്പിക്കുന്നു; അലന്‍ കൊലക്കേസില്‍ പോലീസിന് ഇനിയും വ്യക്തതകളില്ല; കൊടും ക്രിമിനലുകള്‍ ഒളിച്ചു കളിക്കുമ്പോള്‍
തിരുവനന്തപുരം: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്തൊന്പതുകാരന്‍ അലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇനിയും വ്യക്തതയില്ല. ഏഴ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംഭവത്തിലെ ഗൂഡാലോചനയിലും വ്യക്തതയില്ല. കൊലപാതകം നടന്ന തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിച്ചായിരുന്നു തെളിവെടുപ്പ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പൂര്‍ണമായും സഹകരിക്കുന്നില്ല. കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. കത്തി തങ്ങളുടെ കൈയില്‍നിന്ന് നഷ്ടമായെന്നാണ് മുഖ്യപ്രതി അജിന്‍ പറയുന്നത്. ആയുധം മനഃപൂര്‍വം മറച്ചുവച്ചശേഷം തെളിവ് ഇല്ലാതാക്കാനാണ് പ്രതികളുടെ ശ്രമം. തെളിവെടുപ്പിനിടെ അലനെ കുത്തിയ രീതി അജിന്‍ പൊലീസിന് കാട്ടിക്കൊടുത്തു. എന്നാല്‍ തൊണ്ടി മതുല്‍ കണ്ടെത്താത്ത് വിനയാണ്. സിസിടിവി തെളിവുകള്‍ മാത്രമാണ് അന്വേഷണ സംഘത്തിനുള്ള ഏക പിടിവള്ളി.
പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കും. അജിന്‍ (27, ജോബി), സന്ദീപ് ഭവനില്‍ അഭിജിത്ത് (26), കിരണ്‍ (26, ചക്കുമോന്‍), വലിയവിള സ്വദേശി നന്ദു (27, ജോക്കി), അഖില്‍ലാല്‍ (27, ആരോണ്‍), സന്ദീപ് ഭവനില്‍ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകക്കേസിലെ മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാര്‍ഥിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജഗതി സ്വദേശിയായ പതിനാറുകാരനെ പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിങ്കള്‍ വൈകിട്ട് അഞ്ചിനാണ് തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപം തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി47ല്‍ സുവിശേഷ വിദ്യാര്‍ഥി അലനെ (19) സംഘംചേര്‍ന്ന് മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയത്.
വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. സന്ദീപ് കാപ്പ കേസ് പ്രതിയാണ്. സംഘര്‍ഷത്തിനിടെ അലനെ കത്തികൊണ്ടു തന്നെയാണ് കുത്തിയതെന്ന് അലന്റെ സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുന്‍പ് കരുതിയിരുന്നത്. അജിന്‍ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തെ 16 വയസുകാരനാണ് അലനെ മര്‍ദ്ദിക്കാന്‍ ഗുണ്ടകളെ കൊണ്ടുവന്നത്.
തമ്പാനൂര്‍ തോപ്പില്‍ വടകയ്ക്ക് താമസിക്കുന്ന അലനെ ഒരു സംഘം ആളുകള്‍ കുത്തിക്കൊല്ലുകയായിരുന്നു. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മാച്ചിനിടെ അലന്റെ സംഘവും മറ്റൊരു സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സംഘര്‍ഷത്തിനിടെ അലന്‍ കൊല്ലപ്പെടുകയുമായിരുന്നു. അക്രമകാരികള്‍ ഹെല്‍മറ്റ് കൊണ്ട് അലന്റെ തലയില്‍ ഇടിച്ചെന്നും കത്തികൊണ്ട് നെഞ്ചില്‍ കുത്തിയെന്നും ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചു.നഗരത്തില്‍ ഒരു മാസമായി തുടരുന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇവര്‍ ഒരു മാസത്തിനിടെ പലതവണ ഇതേ സ്ഥലത്ത് അലന്റെ സംഘവുമായി ഏറ്റുമുട്ടിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്ത് വച്ചായിരുന്നു സംഘര്‍ഷങ്ങള്‍ നടന്നത്. എന്നാല്‍, ഇത് തടയാന്‍ പോലീസിന് സാധിച്ചില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
