അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി; രാസലഹരി കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; മുന്‍ എഞ്ചിനീയറെ ഡല്‍ഹിയിലെത്തി കീഴ്‌പ്പെടുത്തി കേരളാ പോലിസ്
രാസലഹരി കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; മുന്‍ എഞ്ചിനീയറെ ഡല്‍ഹിയിലെത്തി കീഴ്‌പ്പെടുത്തി കേരളാ പോലിസ്
കല്‍പ്പറ്റ: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ മുന്‍ മലയാളി എഞ്ചിനീയറെ ഡല്‍ഹിയിലെത്തി പിടികൂടി കേരളാ പോലിസ്. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് പോലിസ് പഴുതടച്ച നീക്കത്തിലൂടെ പിടികൂടിയത്. കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ രവീഷ് കുമാര്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ്.
വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ കാണ്‍പൂരിലെ രാജുപാര്‍ക്കില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എഞ്ചിനീയറായിരുന്ന യുവാവ് പിന്നീട് രാസലഹരി കച്ചവടത്തിലേക്ക് തിരിയുക ആയിരുന്നു. ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പേരുകളിലാണ് ഇയാള്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. രാസലഹരി കേസില്‍ വിചാരണ തടവില്‍ കഴിയവേ പത്ത് ദിവസത്തേക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയതായിരുന്നു.
കേരളത്തിലും രാസലഹരി വിതരണം ചെയ്യുന്നതില്‍ മുഖ്യ കണ്ണിയായിരുന്നു രവീഷ്. കാസര്‍കോട് നിന്ന് 265.55 ഗ്രാം എംഡിഎംഎയുമായി 2024 ജൂലൈ മാസം പിടിയിലായ പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിറിന് രാസലഹരി കൈമാറിയത് രവീഷ് കുമാറായിരുന്നു. ഈ കേസില്‍ രവീഷ് കുമാറിനെ ആറ് മാസത്തോളം നിരന്തരം നിരീക്ഷിച്ച പൊലീസ് 2025 ഫെബ്രുവരിയില്‍ ഇയാളെ പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. വിചാരണ തടവുകാരനായിരുന്ന പ്രതി വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമര്‍പ്പിച്ച് പത്ത് ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലിസ്.
ലഹരി കേസിന് പുറമേ മറ്റു നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. മാസങ്ങളോളം പ്രതിക്ക് പുറകെ പോയ പൊലീസ് സംഘം ഇയാള്‍ ഡല്‍ഹിയിലുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് ഇവിടെയെത്തി അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ അതിസാഹസികമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
