ഡ്രൈ ഡേയില്‍ ബ്ലാക്കില്‍ മദ്യം വാങ്ങി നല്‍കി ഒപ്പം കൂടി; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; ഐടി കമ്പനി തുടങ്ങാന്‍ ചര്‍ച്ചയ്ക്ക് എത്തിയ യുഎസ് പൗരന് നേരിട്ടത് ക്രൂരപീഡനം; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-12-16 05:21 GMT

കൊച്ചി: യുഎസ് പൗരനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ച് പണവും സ്വര്‍ണമോതിരവും അടക്കം 3.10 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്ന് സാഹസികമായി പിടികൂടിയത്. ഐടി കമ്പനി തുടങ്ങാനുള്ള ചര്‍ച്ചകള്‍ക്കായി കൊച്ചിയിലൈത്തിയ യുഎസ് പൗരനും ന്യൂയോര്‍ക്കില്‍ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശിയാണ് കൊച്ചിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ചയാണ് യു എസ് പൗരന്‍ കൊച്ചിയില്‍ എത്തിയത്. മറൈന്‍ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലെ 101ാം നമ്പര്‍ മുറിയിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാന്‍ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാല്‍ മദ്യം ലഭിച്ചില്ല. ഈ സമയം മറൈന്‍ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ആദര്‍ശ് സഹായത്തിന് എത്തുകയായിരുന്നു.

തുടര്‍ന്ന് അനധികൃത മദ്യം വാങ്ങി നല്‍കിയ ആദര്‍ശും മദ്യപിക്കാന്‍ യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയില്‍ത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാല്‍ യുഎസ് പൗരന്‍ ഉണര്‍ന്ന് ആദര്‍ശിനെയും വിളിച്ചുണര്‍ത്തി.

തൊട്ടുപിന്നാലെ ശുചിമുറിയില്‍ കയറിയ ആദര്‍ശ് ആകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. വാതില്‍ തുറന്നതോടെ മുറിയിലേക്ക് അതിക്രമിച്ച കയറിയ ആകാശും ആദര്‍ശും ചേര്‍ന്ന് യുഎസ് പൗരനെ ബന്ദിയാക്കി. ശുചിമുറിയില്‍ കൊണ്ടുപോയി കത്തികൊണ്ടും കൈക്കൊണ്ടും മര്‍ദിച്ചു. തങ്ങള്‍ പറയുന്നതനുസരിച്ചാല്‍ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്നു 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. കയ്യിലുണ്ടായിരുന്ന മോതിരവും ഡോളറും തട്ടിയെടുത്തു.

ഇതിന് പുറമെ എടിഎം കാര്‍ഡുകളും തട്ടിയെടുത്ത് നാല്‍പതിനായിരം രൂപ പിന്‍വലിച്ചു. ശേഷം ഇരുവരും മുറി പുറത്തു നിന്ന് പൂട്ടി രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പൊലീസിന്റെ പരിശോധനയില്‍ റൗഡില്‍ ലിസ്റ്റില്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശ് പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചത്. പൊലീസ് എത്തിയതോടെ ആദര്‍ശ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഓടി. മെട്രോ സ്റ്റേഷന് മുന്നിലൂടെ ഓടിയ ആദര്‍ശിനെ പൊലീസും പിന്തുടര്‍ന്ന് അതിസാഹസികമായാണ് കീഴടക്കിയത്. തൊട്ടുപിന്നാലെ കൂട്ടാളി ആകാശും പിടിയിലായി. കൊച്ചി സിറ്റി പൊലീസിന്റെ മിന്നല്‍ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരന്‍ നന്ദി അറിയിച്ചു.

യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വര്‍ണമോതിരവും എടിഎം കാര്‍ഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേര്‍ന്ന് 10,000 രൂപ വീതം നാല് തവണകളായി 40,000 രൂപ കൂടി പിന്‍വലിച്ചു. ഇത്തരത്തില്‍ ആകെ, 3,10,290 രൂപയുടെ മുതലാണ് കവര്‍ച്ച ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഹോട്ടല്‍ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പൊലീസിന്റെ പരിശോധനയില്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദര്‍ശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഇയാള്‍ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശും കുമ്പളങ്ങിയില്‍ വച്ച് പിടിയിലായി. കൊച്ചി സിറ്റി പൊലീസിന്റെ മിന്നല്‍ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരന്‍ നന്ദി അറിയിച്ചു.

പള്ളുരുത്തിയില്‍ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ആദര്‍ശ്. ആകാശിനെതിരെയും അടിപിടി, പിടിച്ചുപറിയടക്കം ഒരു ഡസനിലേറെ കേസുകളുണ്ട്. യുഎസ് പൗരനില്‍ നിന്ന് തട്ടിയെടുത്ത പണവും സ്വര്‍ണ മോതിരവും പ്രതികളില്‍ നിന്ന് കണ്ടെത്തി. സെന്‍ട്രല്‍ സിഐ അനീഷ് ജോയ്, എസഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News