മഹാരാഷ്ട്ര ഷെന്‍ദുരുസാനിയിലെ ഗ്രാമത്തിന്റെ ആകെ ജനസംഖ്യ വെറും 1,500 മാത്രം; മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത് 27,397 കുഞ്ഞുങ്ങളുടെ ജനനം; അന്വേഷണത്തില്‍ പുറത്തുവന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നില്‍ സൈബര്‍ കുറ്റകൃത്യ സംഘം

Update: 2025-12-19 11:30 GMT

മുംബൈ: കേവലം ആയിരത്തി അഞ്ഞൂറ് പേര്‍ മാത്രം ജീവിക്കുന്ന മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത് 27,397 കുഞ്ഞുങ്ങളുടെ ജനനം. ജനന, മരണ രജിസ്‌ട്രേഷനുകള്‍ പരിശോധിക്കാനുള്ള പ്രത്യേക ഡ്രൈവിനിടെയാണ് വന്‍ സൈബര്‍ തട്ടിപ്പ് കണ്ടെത്തിയത്. സൈബര്‍ കുറ്റകൃത്യ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടോ എന്നടക്കം അന്വേഷിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അസാധാരണമായ കണക്ക് സൂചന നല്‍കുന്നത് വലിയൊരു സൈബര്‍ തട്ടിപ്പിനെ കുറിച്ചാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുകളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. 2025 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വൈകിയുള്ള ജനന, മരണ രജിസ്‌ട്രേഷനുകള്‍ പരിശോധിക്കാനുള്ള പ്രത്യേക ഡ്രൈവിനിടെയാണ് യവത്മാല്‍ ജില്ലയിലെ അര്‍ണി താലൂക്കിലുള്ള ഷെന്‍ദുരുസാനി ഗ്രാമപഞ്ചായത്തില്‍ ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഗ്രാമത്തിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനനക്കണക്കുകള്‍ വളരെ കൂടുതലാണെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.

സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (Civil Registration System -CRS) എന്നറിയപ്പെടുന്ന ജനന, മരണ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗ്രാമപഞ്ചായത്തിന്റെ സിആര്‍എസ് ലോഗിന്‍ ഐഡി മുംബൈയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി, സൈബര്‍ കുറ്റകൃത്യ സംഘത്തിന്റെ പ്രവര്‍ത്തനമാണെന്നാണിതെന്നാണ് ലഭ്യമായ സൂചന.

സംഭവം പുറത്തെത്തിയതിനെത്തുടര്‍ന്ന് ജില്ലാ ആരോഗ്യ ഓഫീസര്‍ യവത്മാല്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മന്ദാര്‍ പാട്കി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി സിഇഒയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപവത്കരിക്കുകയും ചെയ്തു. 27,397 ജനന രജിസ്‌ട്രേഷനുകളും ഏഴ് മരണ രേഖകളും ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്ന് സമിതി കണ്ടെത്തി.

സിആര്‍എസ് ഐഡി എങ്ങനെ തകരാറിലായി എന്നും വ്യാജ രജിസ്‌ട്രേഷനുകള്‍ തിരിച്ചറിയല്‍ തട്ടിപ്പ്, സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, അല്ലെങ്കില്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നും അധികൃതര്‍ ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.

രേഖകളിലെ പേരുകളില്‍ 99% ആളുകളും പശ്ചിമബംഗാളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ലോക്‌സഭാംഗവുമായ കിരീത് സോമയ്യ പ്രതികരിച്ചു. ഈ ജനന രജിസ്‌ട്രേഷന്‍ രേഖകളെല്ലാം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News