'ഹായ്, അച്ഛനും അമ്മയും പുറത്തുപോയി, ഞാന്‍ വീട്ടില്‍ തനിച്ചാണ്, ഇപ്പോ വാ'; സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് തട്ടിപ്പ്; കൊല്ലം സ്വദേശിയെ ആര്യങ്കോടുള്ള താവളത്തിലെത്തിച്ച് പണം തട്ടിയെടുത്തു; ആറംഗ സംഘം പിടിയില്‍

Update: 2025-12-27 10:42 GMT

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്ന ആറംഗ സംഘം അറസ്റ്റില്‍. പെണ്‍കുട്ടിയാണെന്ന വ്യാജേന ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം കൊല്ലം സ്വദേശിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കടുത്താണ് സംഭവം. കീഴാറൂര്‍ ഇടവാല്‍ സ്വദേശി കൊട്ടുകാണി എന്ന നിധിന്‍ (24), ഇയാളുടെ സഹോദരന്‍ വലിയകാണി എന്ന നിധീഷ് (25), ആര്യങ്കോട് പത്തിക്കുഴി സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് (24), ബാലരാമപുരം പുന്നയ്ക്കാട് സ്വദേശി സച്ചു എന്ന അഖില്‍ (26) എന്നിവരും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥികളുമാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

സുന്ദരിയായ ഈ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് മെസേജ് അയക്കാന്‍ വരുന്നവരെയാണ് തട്ടിപ്പ് സംഘം ഉന്നമിട്ടത്. ഇവരുടെ വലയിലായത് 40കാരനായ കൊല്ലം സ്വദേശി മഹേഷ് മോഹനനാണ്. പെണ്‍കുട്ടി ഒറ്റയ്ക്കാണ് വീട്ടിലുള്ളതെന്ന് പറഞ്ഞാണ് സംഘം മോഹനനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മെസേജയച്ച അദ്ദേഹത്തെ ആര്യങ്കോടുള്ള ഇവരുടെ താവളത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. ശേഷം പണവും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. ഡിസംബര്‍ 22നാണ് സംഭവമുണ്ടായത്.

ശരീരമാസകലം കത്തികൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോദിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 21,500 രൂപ കൈക്കലാക്കി. ഒടുവില്‍ രണ്ടുലക്ഷം രൂപ തന്നാലേ വിടൂ എന്നായി പ്രതികളുടെ നിലപാട്. ഉടന്‍ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് ഉറപ്പായതോടെ പ്രതികള്‍ ഇയാളെ നെയ്യാറ്റിന്‍കരയില്‍ എത്തിച്ച് മുങ്ങുകയായിരുന്നു. വഴിയറിയാതെ അവശനിലയില്‍ പാറശാലയിലെത്തിയ മഹേഷ് മോഹനന്‍ പാറശാല സ്റ്റേഷനിലെത്തിയാണ് പൊലീസുകാരോട് എല്ലാം തുറന്ന് പറയുന്നത്.

തുടര്‍ന്ന് ഇയാളെ പാറശാല പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ശേഷം ആര്യങ്കോട് എച്ച്.എസ്.ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ നിധിനും നിധീഷും കാപ്പാകേസിലെ പ്രതികളാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News