ചിറ്റൂരില്‍ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുന്നു; ഗള്‍ഫിലുള്ള പിതാവ് ഇന്ന് നാട്ടിലെത്തും: സുഹാന് വേണ്ടി പ്രാര്‍ത്ഥനയോടെ നാട്

ചിറ്റൂരില്‍ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചില്‍

Update: 2025-12-28 02:38 GMT

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ ഉച്ചയോടെ കാണാതായ ആറുവയസ്സുകാരനായി തിരച്ചില്‍ തുടരുന്നു. അമ്പാട്ടുപാളയം എരുമങ്കോട്ടുനിന്ന് കാണാതായ സുഹാന് വേണ്ടിയാണ് ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചത്. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ കാണാതായത്.

മുഹമ്മദ് അനസ് ഗള്‍ഫിലാണ്. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അധ്യാപികയായ അമ്മ തൗഹിത സ്‌കൂളിലേക്ക് പോയസമയത്താണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതായാണ് വിവരം. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയില്‍ ജോലിചെയ്യുകയായിരുന്നു. കുട്ടികള്‍ തമ്മില്‍ സാധാരണ വഴക്കിടാറുള്ളത് കൊണ്ട് കാര്യമാക്കിയില്ല. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോള്‍ അന്വേഷിക്കുകയായിരുന്നു.

വഴക്കുകൂടിയതിനെത്തുടര്‍ന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരന്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസില്‍ പരാതിനല്‍കി. കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയില്‍ വച്ച് ഒരാള്‍ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല. സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല.

സുഹാന് വേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് വീട്ടുപരിസരത്തെ കുളത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, ചിറ്റൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു.

സമീപത്തെ വീടുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തുടരന്വേഷണം നടത്തുമെന്നും ചിറ്റൂര്‍ പോലീസ് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച രാവിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തിരച്ചിലും പുനഃരാരംഭിച്ചത്. കാണാതാവുന്ന സമയത്ത് സുഹാന്‍ വെളുത്തവരയുള്ള ടിഷര്‍ട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നതെന്ന് കുടുംബക്കാര്‍ പറയുന്നു.

Tags:    

Similar News