സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം; വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്ക് കത്തിച്ചത് പകയായി; പാലക്കാട് തേനാരിയില്‍ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ടു പേര്‍ പിടിയില്‍; ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് എലപ്പുള്ളി തേനാരിയില്‍ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒകരപ്പള്ളം സ്വദേശി വിപിനാണ് (30) മര്‍ദനമേറ്റത്. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട രണ്ടു പേര്‍ പിടിയില്‍. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. വാളയാര്‍ ആള്‍ക്കൂട്ടകൊല നടന്ന അതേ ദിവസം തന്നെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒകരപ്പള്ളം സ്വദേശി ശ്രീകേഷ് (24), കഞ്ചിക്കോട് സ്വദേശി ഗിരീഷ് (38) എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലി നേരത്തേയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണ് മര്‍ദനത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.
ഡിസംബര്‍ 17-നാണ് മര്‍ദനമുണ്ടായത്. വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി അതിഥിത്തൊഴിലാളി മരിച്ച വാര്‍ത്തയ്ക്കു പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ബിജെപി അനുഭാവികളാണെന്നും എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മര്‍ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കസബ പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ വിപിന്‍ പോലീസില്‍ പരാതിയും നല്‍കി.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഡിസംബര്‍ ആദ്യവാരം ശ്രീകേഷും വിപിനും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. തര്‍ക്കത്തിനുപിന്നാലെ വിപിനും മറ്റൊരാളും ചേര്‍ന്ന് ശ്രീകേഷിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു. എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ടില്ല. ബൈക്ക് നശിപ്പിച്ചതിന്റെ വൈരാഗ്യമെന്നോണമാണ് 17-ാം തീയതി ശ്രീകേഷും ഗിരീഷും ചേര്‍ന്ന് വിപിനെ ബലമായി പിടികൂടി മര്‍ദിച്ചത്. വീടിന് സമീപത്തെ റോഡിലെ വൈദ്യുത തൂണില്‍ തോര്‍ത്ത് ഉപയോഗിച്ച് വിപിനെ കെട്ടിയിട്ടശേഷം കൈകൊണ്ടും മര്‍ദിക്കുന്നതിന്റെയും കാലുകൊണ്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഒളിവില്‍ പോയ പ്രതികളെ പിന്നീട് അന്വേഷിച്ച് കണ്ടെത്തിയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്‌ഐ എച്ച്. ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്.
