വേടന്‍ എത്താന്‍ വൈകിയതിനാല്‍ പരിപാടി ആരംഭിച്ചത് ഒന്നരമണിക്കൂര്‍ വൈകി; റെയില്‍പ്പാളം, ബീച്ച് എന്നിവിടങ്ങളിലൂടെ ടിക്കറ്റില്ലാതെയും ആളുകള്‍ ഇരച്ചുകയറി; പൊലീസിനും നിയന്ത്രിക്കാനായില്ല; ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സുരക്ഷാ വീഴ്ചയില്‍ വിശദീകരണവുമായി ബിആര്‍ഡിസി
കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി സംഘാടകര്‍. പരിപാടിക്ക് ടിക്കറ്റില്ലാതെ നിരവധിപ്പേര്‍ ഇടിച്ചുകയറിയതാണ് അപകടമുണ്ടാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാം നിയന്ത്രണവിധേയമായിരുന്നുവെന്നും അപ്രതീക്ഷിതമായി മുന്‍ഭാഗത്തേക്ക് ആളുകള്‍ ഇടിച്ചുകയറിയെന്നും ബിആര്‍ഡിസി എംഡി പറഞ്ഞു. 25,000ത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് അനുമാനം.
റെയില്‍പ്പാളം, ബീച്ച് എന്നിവിടങ്ങളിലൂടെ ആളുകള്‍ കയറി. ബാരിക്കേഡിനകത്തേക്ക് നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകള്‍ കയറി. ആ ഘട്ടത്തില്‍ അവരെ പുറത്തേക്കിറക്കുക സാധ്യമല്ലാതിരുന്നതിനാല്‍ പൊലീസ് നിയന്ത്രിക്കുകയായിരുന്നുവെന്നും സംഘാടകര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇന്നലെ നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. പരിപാടി കാണുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടെ പൊയിനാച്ചി സ്വദേശി ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചു. പരിപാടിക്ക് ടിക്കറ്റില്ലാതെ നിരവധിപ്പേര്‍ ഇടിച്ചുകയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
വേടന്‍ എത്താന്‍ വൈകിയതിനാല്‍ പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണു പരിപാടി ആരംഭിച്ചത്. പരിപാടി തുടങ്ങി അധികം വൈകാതെ തന്നെ ജനക്കൂട്ടം നിയന്ത്രണാതീതമായി. തിരക്കില്‍പ്പെട്ട് പലരും ബോധരഹിതരായി വീണു. പരിഭ്രാന്തി പടര്‍ന്നതോടെ അധികൃതര്‍ ഇടപെട്ട് സംഗീതപരിപാടി നിര്‍ത്തിവെപ്പിച്ചു. തിരക്കില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.
തിരക്ക് നിയന്ത്രിക്കാനാവാതെ പരിപാടി നിര്‍ത്തിവെച്ചതിന് പിന്നാലെ മടങ്ങിപ്പോകുകയായിരുന്ന യുവാവാണ് ട്രെയിന്‍ തട്ടി മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നാണു സൂചന. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.
നിയന്ത്രിക്കാന്‍ കഴിയാതായതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് ശ്വാസംമുട്ടുകയും ചിലര്‍ ബോധരഹിതരാകുകയും ചെയ്തു. ഇതോടെ പരിപാടി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. പരിപാടി നിര്‍ത്തിവെച്ചതോടെ ആളുകള്‍ പിരിഞ്ഞുപോയി. സമീപമുള്ള റെയില്‍പാളത്തിലൂടെയാണ് പലരും നടന്നുപോയത്. ഇതിനിടെയാണ് രണ്ട് പേരെ ട്രെയിന്‍ ഇടിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത്.
പരിപാടി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോകാന്‍ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ശിവാനന്ദിനെയും മറ്റൊരു യുവാവിനെയും ട്രെയിന്‍ ഇടിച്ചത്. ശിവാനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ കാസര്‍കോട് തന്നെ നടന്ന ഹനാന്‍ ഷായുടെ പരിപാടിക്കിടെയും സമാനമായ രീതിയില്‍ തിരക്ക് മൂലം അപകടമുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പ്രദര്‍ശനമേളയിലാണ് നവംബറില്‍ അപകടമുണ്ടായത്. ഇരുപതോളം പേരെയാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
