ഷെയര്‍ ട്രേഡിങിലൂടെ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോഴിക്കോട് രണ്ടു പേര്‍ക്കായി നഷ്ടമായത് രണ്ട് കോടി പത്ത് ലക്ഷം രൂപ: പണം തട്ടിയത് വാട്‌സാപ്പ് ടെലഗ്രാം കോളുകള്‍ വഴി ബന്ധം സ്ഥാപിച്ച്

ട്രേഡിങ് തട്ടിപ്പ്: കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി

Update: 2026-01-10 00:35 GMT

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്ക് നഷ്ടമായത് രണ്ട് കോടി പത്ത് ലക്ഷം രൂപ. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊരാളുമാണ് വന്‍ തട്ടിപ്പില്‍ കുടങ്ങിയത്. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. വാട്‌സാപ്പിലൂടെയും ടെലഗ്രാം കോളുകളിലൂടെയും ഇരുവരുമായി ബന്ധം സ്ഥാപിച്ച തട്ടിപ്പുകാര്‍ കോടികള്‍ തട്ടിയെടുക്കുക ആയി. വന്‍ തുക നിക്ഷേപിച്ച ശേഷം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുവര്‍ക്കും തട്ടിപ്പ് മനസിലായത്.

സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിക്ക് 76 ലക്ഷം രൂപയുമാണ് നഷ്ടമായത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസമാണ് ഇരുവരും പൊലീസിനെ സമീപിച്ചത്. ഷെയര്‍ ട്രേഡിങിലൂടെ വന്‍ തുക ലാഭം നേടാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടും വാട്‌സ് ആപ്പ്, ടെലിഗ്രാം കോളുകള്‍ വഴിയുമാണ് തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധം സ്ഥാപിച്ചതും വലയിലാക്കിയതും. തുടര്‍ന്ന് വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിച്ചു.

ആദ്യം ചെറിയ തുകയാണ് ഇരുവരും നിക്ഷേപിച്ചത്. ഈ തുകയ്ക്ക് കൃത്യമായി ലാഭവിഹിതം ലഭിച്ചതിനെത്തുടര്‍ന്ന് കുടുതല്‍ ലാഭം പ്രതീക്ഷിച്ച് ഘട്ടം ഘട്ടമായി ഇരുവരും വന്‍തുകകള്‍ നിക്ഷേപിക്കുകയായിരുന്നു. തുക പിന്‍വലിക്കാനും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടു. ഈ തുകകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കും മ്യൂള്‍ അക്കൗണ്ടുകളിലേക്കും മാറ്റപ്പെട്ടെന്നാണ് കരുതുന്നത്.

കംബോഡിയ മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഗലകളാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ അത്തോളി പൊലീസും , റൂറല്‍ സൈബര്‍ പൊലീസും കേസെടുത്തു. തുക കൈമാറിയ അക്കൗണ്ട് വിവരങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.

Tags:    

Similar News