ലൈംഗികാതിക്രമത്തിനിടെ രക്തസ്രാവം, 34 കാരിയായ ടെക്കി യുവതിയുടെ മരണം കൊലപാതകം; 18 കാരനായ പ്രതി അറസ്റ്റില്‍; ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ അന്ന് രാത്രി സംഭവിച്ചത്

Update: 2026-01-12 04:05 GMT

ബംഗ്ലൂരു: ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ ഐടി ജീവനക്കാരി ഷര്‍മിള (34) മരിച്ച സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ കുറെ (18) എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. ജനുവരി 3-ന് അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവരുകയായിരുന്നു.

സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ സ്ലൈഡിങ് ജനാലയിലൂടെ ഷര്‍മിളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും ബോധരഹിതയായപ്പോള്‍ വായും മൂക്കും മൂടിക്കെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കൊലപാതകം മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായി കിടപ്പുമുറിയിലെ മെത്തയ്ക്കും വസ്ത്രങ്ങള്‍ക്കും തീകൊളുത്തി പ്രതി കടന്നുകളഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, ലൈംഗിക അതിക്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. ലൈംഗിക പീഡനം എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ജനുവരി 3 നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്‌മണി ലേഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കര്‍ണാല്‍ ആണെന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കര്‍ണാല്‍ ജനുവരി 3ന് രാത്രി 9 മണിയോടെ ഷര്‍മിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്.

സ്ലൈഡിങ് ജനാലയിലൂടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമം ഇര എതിര്‍ത്തതോടെ മര്‍ദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി എന്നും കണ്ടെത്തി.

Similar News