കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു; ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുത്തതോടെ പരിഭ്രാന്തരായി രോഗികളും ജീവനക്കാരും; ചികിത്സ വൈകിയതിന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവും; മഥുര ജില്ലാ ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍

Update: 2026-01-13 15:13 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. മുപ്പത്തൊന്‍പതുകാരനായ ദീപക് എന്ന ഇ-റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ തന്റെ ജാക്കറ്റിലെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. കടിച്ച പാമ്പിനെ ഡോക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുക്കാനാണ് ഇയാള്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. പാമ്പിനെ പോക്കറ്റിലിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആശുപത്രിക്ക് മുന്നിലിരിക്കുന്ന ദീപകിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വീഡിയോയില്‍, ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കുന്ന ഇയാളോട് എന്താണ് സംഭവിച്ചതെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. തനിക്ക് പാമ്പ് കടിയേറ്റതായും അരമണിക്കൂറായി ഒരേ നില്‍പാണെന്നും ഇയാള്‍ മറുപടി നല്‍കി. എവിടെ നിന്നാണ് കടിയേറ്റതെന്ന് ചോദിച്ചതോടെ ചോദ്യകര്‍ത്താവിനെ ഞെട്ടിച്ചുകൊണ്ട് ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

ഇതോടെ, ചുറ്റിലുമുള്ളവര്‍ പരിഭ്രാന്തരാകുകയും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

വൃന്ദാവനിലേക്ക് ഇ-റിക്ഷയുടെ ബാറ്ററിക്കായി പോകുന്ന വഴിയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ആന്റി വെനം കുത്തിവെപ്പ് എടുക്കുന്നതിനായി ഇയാള്‍ പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ മറ്റ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പാമ്പിനെ പുറത്ത് ഉപേക്ഷിക്കാന്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.

അരമണിക്കൂറായി കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദീപക് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ഇയാള്‍ ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാമ്പിനെ പോക്കറ്റില്‍നിന്ന് പുറത്തെടുത്ത് കളയാന്‍ വഴിയാത്രക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ദീപക് തയ്യാറായില്ല.

നിയന്ത്രണാതീതമായതോടെ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ദീപക്കിനെ ശാന്തനാക്കുകയും പാമ്പിനെ സുരക്ഷിതമായി ഒരു പെട്ടിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷമാണ് ദീപക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ പാമ്പിനെ ദീപക് വളര്‍ത്തിയിരുന്നത് ആയിരിക്കാമെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ വൈവിധ്യമാര്‍ന്ന കമന്റുകളുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹത്തെ കടിച്ചതിന് പിന്നാലെ അത് ചത്തുകാണുമെന്നും അതിനാലായിരിക്കും അയാള്‍ ധൈര്യസമേധം പോക്കറ്റിലിട്ടതെന്നുമാണ് ഒരാള്‍ കുറിച്ചത്.

തികച്ചും ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും ഏത് മറുമരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പാമ്പിനെ നേരില്‍ കാണുന്നത് ഡോക്ടര്‍ക്ക് സഹായകരമാകുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. പാമ്പ് കടിയേറ്റയാളുടെയും ആശുപത്രിയിലെ രോഗികളുടെയും സുരക്ഷയെ കുറിച്ചുള്ള വേവലാതികളായിരുന്നു അധികപേരുടെയും ആശങ്ക.

Similar News