അതിജീവിതയ്ക്കെതിരെ പ്രത്യാക്രമണവുമായി ശ്രീനാദേവി കുഞ്ഞമ്മ; പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ 'സൈബര്‍ പോര്' പുതിയ തലത്തില്‍

Update: 2026-01-14 06:04 GMT

തിരുവനന്തപുരം: പീഡനക്കേസിലെ അതിജീവിതയും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ അതിജീവിതയ്ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ പരാതി നല്‍കി. നിയമപരമായ പരിരക്ഷയെ അതിജീവിത ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവായ ശ്രീനാദേവി കുഞ്ഞമ്മ 'അതിജീവിതനൊപ്പം' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതില്‍ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാനഡയിലുള്ള അതിജീവിത മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതി ഗൗരവമായെടുത്ത ഡിജിപി, ശ്രീനാദേവിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

അതിജീവിത നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്നും നിയമം അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നും ശ്രീനാദേവി തന്റെ പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ വാദം.

സൈബര്‍ ഇടങ്ങളിലെ അധിക്ഷേപം സംബന്ധിച്ച അതിജീവിതയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ പരാതിയും എത്തിയിരിക്കുന്നത്. രണ്ട് പരാതികളും ഡിജിപിയുടെ പരിഗണനയിലാണ്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം സൈബര്‍ നിയമയുദ്ധത്തിലേക്കും കടക്കുകയാണ്.

Similar News