വിവാഹത്തെ എതിര്‍ത്തതിന്റെ പക; ആണ്‍സുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19കാരി; ആക്രമണം വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ; പെണ്‍കുട്ടി കസ്റ്റഡിയില്‍
കല്‍പ്പറ്റ: വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ആണ്‍സുഹൃത്തിന്റെ അമ്മയ്ക്ക് നേരെ 19കാരിയുടെ ആക്രമണം. വയനാട് കല്‍പ്പറ്റയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്.
ആക്രമിച്ച പെണ്‍കുട്ടി നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയ വൈത്തിരി സ്വദേശിയായ തീര്‍ത്ഥ എന്ന 19കാരിയാണ് ആക്രമണം നടത്തിയത്. ജോലി സമയത്ത് ഷോറൂമില്‍ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
നുസ്രത്തിന്റെ മകനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. മകന്‍ സ്‌നേഹിക്കുന്ന കുട്ടിയാണ് ആക്രമിച്ചതെന്നും നേരിട്ട് കാണുന്നത് ആദ്യമായാണെന്നുമാണ് നുസ്രത്ത് പ്രതികരിക്കുന്നത്. ജോലി സമയത്ത് കസ്റ്റമര്‍ ഉണ്ടായിരുന്ന സമയത്താണ് 19കാരി സമീപിക്കുന്നത്. രണ്ട് മിനിറ്റ് സംസാരിക്കണം എന്നായിരുന്നു തീര്‍ത്ഥ ആവശ്യപ്പെട്ടത്. കസ്റ്റമര്‍ ഉള്ളതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം തിരിഞ്ഞപ്പോഴായിരുന്നു തീര്‍ത്ഥ കത്തിയെടുത്ത് കുത്തിയത്.
എന്തിനാണ് കുത്തിയതെന്ന് അറിയില്ലെന്നും നുസ്രത്ത് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തീര്‍ത്ഥയ്ക്കും മകനും ഇടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ല. വൈരാഗ്യമുള്ളതായും അറിയില്ലെന്നാണ് നുസ്രത്ത് പറയുന്നത്. യുവതിയുടെ മുഖത്ത് കത്തി കൊണ്ടു കുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.