പറക്കമുറ്റാത്ത രണ്ട് കുരുന്നുകളെ അനാഥമാക്കിയ കിളിമാനൂര്‍ അപകടം; ജീപ്പിലുണ്ടായിരുന്ന ആ രണ്ടു പേര്‍ ആരൊക്കെ; പ്രതികളെ രക്ഷിക്കാന്‍ പോലിസ് ബോധപൂര്‍വ്വം ശ്രമിക്കുന്നതായി നാട്ടുകാര്‍: കൂടുതല്‍ തെളിവുകള്‍ പുറത്ത്

കിളിമാനൂര്‍ അപകടം; ജീപ്പിലുണ്ടായിരുന്ന ആ രണ്ടു പേര്‍ ആരൊക്കെ

Update: 2026-01-22 03:06 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികള്‍ ജീപ്പ് ഇടിച്ച് മരിച്ച സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുന്നതായി ആക്ഷേപം. ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിക്കുന്നതായുമാണ് നാട്ടുകാര്‍ പറയുന്നത്. അപകടസമയത്ത് ജീപ്പിനുള്ളില്‍ ഡ്രൈവര്‍ക്കൊപ്പം രണ്ട് യാത്രികര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെയും മൊഴി. എന്നാല്‍ പോലിസ് റിപ്പോര്‍ട്ടില്‍ ഇവരെ കുറിച്ച് പറയുന്നില്ല.

ഇതില്‍ ഒരാള്‍ പൊലീസുകാരനും മറ്റൊരാള്‍ അഗ്‌നിശമനസേന ഉദ്യോഗസ്ഥനുമെന്നാണ് ആക്ഷേപം. എന്നാല്‍ ഇവരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം കിളിമാനൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. പോലിസ് തെളിവുകള്‍ നശിപ്പിക്കുന്നതായും ആരോപിക്കുന്നു. ആയതിനാല്‍ കിളിമാനൂര്‍ ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കിളിമാനൂര്‍ ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്.

അപകടത്തില്‍ പൊലീസിന്റെ തെളിവ് നശിപ്പിക്കല്‍ തിരക്കഥയ്ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. എന്നാല്‍ അപകടത്തില്‍ മരിച്ച അംബികയുടേയും ഭര്‍ത്താവ് രജിത്തിന്റേയും ബന്ധുക്കളും ജനപ്രതിനിധികളും കൂടുതല്‍ തെളിവ് നിരത്തുമ്പോഴും ഞങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസിനെന്നാണ് ആക്ഷേപം.

അംബികയും രഞ്ജിത്തും മരിച്ചതോടെ രണ്ട് കുരുന്നുകളാണ് അനാഥരായത്. അഞ്ച് വയസുള്ള ശ്രാവണ്‍ അമ്മാവന്റെ വിരലില്‍ തൂങ്ങി നടപ്പാണ്. ഒന്നര വയസുകാരന്‍ ശ്രേയസ് അമ്മച്ചൂടേല്‍ക്കാതെ തൊട്ടിലില്‍ കരഞ്ഞുറങ്ങുന്നു. അമ്മയും അച്ഛനും മരിച്ചെന്ന സത്യം അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. അച്ഛനെയും അമ്മയേയും കാണണമെന്ന് വാശി പിടിച്ച് കരയുമ്പോള്‍ നിശബ്ദമായി കരയുകയാണ് ബന്ധുക്കള്‍. ഈ സ്ഥിതി വരുത്തിയവര്‍ക്ക് എന്ത് ശിക്ഷയെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ആക്ഷേപങ്ങളും സംശയമുനയും എത്തി നില്‍ക്കുന്നത് കിളിമാനൂര്‍ ഇന്‍സ്‌പെക്ടര്‍ക്ക് നേരെയാണ്. അപകടം നടന്ന് പത്തൊന്‍പത് ദിവസം പിന്നിടുമ്പോഴും അപകടമുണ്ടാക്കിയവര്‍ സുരക്ഷിതരാണ്. മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തില്‍ മാത്രമൊതുങ്ങി. രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയവര്‍ക്ക് എന്ത് ശിക്ഷയാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Tags:    

Similar News