ബാഗേജില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞു; പേഴ്‌സണല്‍ ചെക്കപ്പിന്റെ പേരില്‍ ലൈംഗിക അതിക്രമം! കൊറിയന്‍ സുന്ദരിയെ കടന്നുപിടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍; വിമാനത്താവളത്തിനുള്ളില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത; അഫാന്‍ അഹമ്മദ് കുടുങ്ങിയത് ഇങ്ങനെ!

Update: 2026-01-22 07:27 GMT

ബംഗളൂരു: വിമാനത്താവളത്തില്‍ കൊറിയന്‍ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എയര്‍പ്പോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാന്‍ അഹമ്മദ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കൊറിയന്‍ യുവതി പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രതി അഫാന്‍ അഹമ്മദ് സമീപിക്കുകയായിരുന്നു. യുവതിയുടെ ചെക്ക് ഇന്‍ ബാഗേജില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് വിശദമായ പരിശോധന വേണമെന്ന് ഇയാള്‍ പറഞ്ഞു. കൗണ്ടറില്‍ വച്ച് പരിശോധന നടത്തിയാല്‍ വിമാനം വൈകാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് യുവതിയെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഇതിന് പകരം പേഴ്‌സണല്‍ ചെക്കപ്പ് നടത്താമെന്ന് പറയുകയും യുവതിയെ ശുചിമുറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇവിടെ വച്ച് യുവതിയുടെ ശരീരത്തില്‍ ഇയാള്‍ പലതവണ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു. അനുവാദമില്ലാതെ പലതവണ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും സ്പര്‍ശിക്കുകയും നെഞ്ചില്‍ അമര്‍ത്തുകയും ചെയ്തു. പിന്നീട് പിന്നില്‍നിന്ന് ആലിംഗനം ചെയ്തതായും യുവതി പറയുന്നു.യുവതി എതിര്‍ത്തതോടെ ശരി, നന്ദിയന്ന് പറഞ്ഞ് പ്രതി അവിടെനിന്നും നടന്നുപോയി. സംഭവത്തില്‍ ഞെട്ടിപ്പോയ യുവതി ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ അഫാന്‍ അഹമ്മദിനെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രതിക്കെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചു.

ഈ അനുഭവം ഇന്ത്യയെക്കുറിച്ച് മൊത്തത്തിലുള്ള തന്റെ കാഴ്ചപ്പാടില്‍ മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു. അതേസമയം, വിമാനത്താളത്തിലെ സുരക്ഷ മെച്ചപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് യുവതി പ്രത്യാശ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികാതിക്രമ കേസാണെങ്കിലും തന്റെ പേരു വെളിപ്പെടുത്താമെന്ന് ഇവര്‍ ഇന്ത്യ ടുഡേക്ക് അനുവാദം നല്‍കിയിരുന്നു.

Similar News