കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ രണ്ട് തവണ 'ബീഫ്' കേസില്‍ കുരുക്കി; ഥാറില്‍ മാംസം വെച്ച് ബജ്രംഗദളിനെക്കൊണ്ട് പോലീസിനെ വിളിപ്പിച്ചത് ഭാര്യയും കാമുകനും! ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ വീണ്ടും പൂട്ടാന്‍ നോക്കിയപ്പോള്‍ പൊലീസിന് തോന്നിയ സംശയം; ആ ഇന്‍സ്റ്റഗ്രാം പ്രണയം ഒടുവില്‍ അഴികള്‍ക്കുള്ളില്‍!
ലഖ്‌നൗ: ഭര്‍ത്താവിനെ കേസില്‍ കുരുക്കാന്‍ കാമുകനുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ കാറില്‍ രണ്ട് തവണ ബീഫ് വച്ച് പോലീസിനെ വിളിച്ച് പറഞ്ഞ ഭാര്യ ഒടുവില്‍ പിടിയില്‍. കാമുകനുമൊത്ത് ജീവിക്കുന്നതിനും ഭര്‍ത്താവിനെ അകറ്റുന്നതുമായിരുന്നു ഭാര്യ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ് പറയുന്നു. ആദ്യ തവണ ബീഫുമായി അറസ്റ്റിലായ ഭര്‍ത്താവ് കുറച്ച് നാള്‍ കഴിഞ്ഞ ജയില്‍ മോചിതനായി പുറത്തിറങ്ങിയിരുന്നു. വീണ്ടും ഇദ്ദേഹത്തിന്റെ പേരില്‍ ബീഫ് പാര്‍സല്‍ ഉണ്ടെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ഗുഢതന്ത്രം പുറത്തായത്.
ജനുവരി 14 ന് കാകോരി പ്രദേശത്തെ ദുര്‍ഗാഗഞ്ചിന് സമീപം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടര്‍ വാഹനം പോലീസ് തടഞ്ഞു. അതില്‍ 12 കിലോ ബീഫ് കണ്ടെത്തി. അമീനബാദില്‍ നിന്നുള്ള പേപ്പര്‍ ഫാക്ടറി ഉടമയായ വാസിഫിന്റെ പേരിലാണ് ഡെലിവറി ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ അത്തരമൊരു ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് വാസിഫ് അറിയിച്ചു. പക്ഷേ, ഓഡറിന് ലഭിച്ച ഒടിപി പാസ്വേഡ് വാസിഫിന്റെ മൊബൈല്‍ ഫോണിലേക്കായിരുന്നു വന്നത്. പക്ഷേ, ഒടിപി വന്ന സമയത്ത് താന്‍ കുളിമുറിയിലായിരുന്നെന്ന് വാസിഫ് അറിയിച്ചു. വിശദമായ അന്വേഷണത്തില്‍ വാസിഫിന്റെ ഭാര്യയാണ് ബീഫിന് ഓര്‍ഡര്‍ ചെയ്തതെന്ന് പോലീസിന് വ്യക്തമായി. വാസിഫിന്റെ ഭാര്യയും മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ കാമുകന്‍ അമാനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു അത്.
വാസിഫിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അമാന്‍ അമിനാബാദില്‍ നിന്ന് കകോരിയിലേക്ക് ഓണ്‍ലൈന്‍ പോര്‍ട്ടറെ ബുക്ക് ചെയ്തു. ഭോപ്പാലില്‍ നിന്ന് ബീഫ് കടത്തിക്കൊണ്ടുപോയി ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് രഹസ്യമായി വാഹനത്തില്‍ കയറ്റുകയായിരുന്നു. പോലീസ് വേഗത്തില്‍ പിടികൂടുന്നതിനായി, രാഹുല്‍ എന്ന വ്യാജ ഐഡന്റിറ്റിയില്‍ അമാന്‍ ബജ്രംഗ്ദള്‍ അംഗങ്ങള്‍ക്ക് വിവരം കൈമാറി. അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നെന്ന് കകോരി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സതീഷ് ചന്ദ്ര റാത്തോഡ് പറഞ്ഞു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ വാസിഫിനെ നേരത്തെയും ഭാര്യയും കാമുകനും ചേര്‍ന്ന ബീഫ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022 -ലാണ് അമാനും വാസിഫിന്റെ ഭാര്യയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്നതും പിന്നാലെ പ്രണയത്തിലാകുന്നതും. പിന്നാലെ ഇരുവരും ചേര്‍ന്ന് വാസിഫിനെ കുടുക്കാനുള്ള വഴികളാലോചിച്ചു. അന്ന് ഹസ്രത്ഗഞ്ചിലെ ഒരു പാര്‍ക്കിംഗിലുണ്ടായിരുന്ന വാസിഫിന്റെ കറുത്ത മഹീന്ദ്ര ഥാറില്‍ ഏകദേശം 20 കിലോ ബീഫ് ഇരുവരും ചേര്‍ന്ന് വച്ചു. പിന്നാലെ പോലീസില്‍ വിവരം അറിയിച്ചു. അന്ന് വാസിഫ് പിടിയിലാവുകയും കുറച്ച് കാലം ജയിലില്‍ കിടന്നു. എന്നാല്‍ പെട്ടെന്ന് തന്നെ കേസ് ജയിച്ച് അദ്ദേഹം പുറത്തെത്തി. ഇത് ഭാര്യയെയും കാമുകനെയും അസ്വസ്ഥമാക്കി. ഇതോടെയാണ് ഇരുവരും ചേര്‍ന്ന രണ്ടാമത്തെ പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് പറയുന്നു. അമനെ അറസ്റ്റ് ചെയ്‌തെങ്കിലും വാസിഫിന്റെ ഭാര്യയെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
