മരുമകളെ വടിവാളിന് വെട്ടി; പിന്നാലെ എലിവിഷം കഴിച്ച് മരണം; കുഴല്‍മന്ദത്തെ നടുക്കി അമ്മായിയപ്പന്റെ കടുംകൈ; കുടുംബകലഹം തീര്‍ത്തത് ചോരപ്പുഴയില്‍; അധ്യാപികയായ അമിതയുടെ വിരലുകള്‍ അറ്റു; പല്ലഞ്ചാത്തനൂരിലെ ദാരുണമായ സംഭവം ഇങ്ങനെ

Update: 2026-01-23 05:12 GMT

കുഴല്‍മന്ദം: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ ഭാര്യയെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വയോധികന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മരുമകളും സ്‌കൂള്‍ അധ്യാപികയുമായ അമിത (40) ചികിത്സയിലാണ്.

ഇന്നലെ രാവിലെ എട്ടേകാലോടെയാണ് മാത്തൂരിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു അമിത. ഈ സമയം പിന്നിലൂടെ എത്തിയ രാധാകൃഷ്ണന്‍ കൈയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് അമിതയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അമിതയുടെ ഇടതുകൈയ്യിലെ മൂന്ന് വിരലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റു.

അമിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും നാട്ടുകാരും ചേര്‍ന്നാണ് രക്തത്തില്‍ കുളിച്ച അമിതയെ ഉടന്‍ തന്നെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാര്‍ അമിതയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തിരക്കിലായപ്പോള്‍ രാധാകൃഷ്ണന്‍ അടുത്തുള്ള തറവാട് വീട്ടില്‍ കയറി വാതിലടച്ചു. പിന്നീട് ഇയാളെ കാണാതെ തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ വീട്ടിനുള്ളില്‍ നിന്നും ഞരക്കം കേള്‍ക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ രാധാകൃഷ്ണനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എലിവിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാധാകൃഷ്ണനും മരുമകളും തമ്മില്‍ ദീര്‍ഘകാലമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഒരേ വളപ്പില്‍ തന്നെ രണ്ട് വീടുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. രാധാകൃഷ്ണന്‍ തറവാട് വീട്ടിലും, ഭാര്യ ശോഭനയും മകന്‍ അശോകും അമിതയും പുതിയ വീട്ടിലുമാണ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് രാധാകൃഷ്ണന്‍ പുതിയ വീട്ടിലേക്ക് വരാറുള്ളത്. സംഭവസമയത്ത് അമിതയുടെ ഭര്‍ത്താവും ഐടി ഉദ്യോഗസ്ഥനുമായ അശോക് കോയമ്പത്തൂരിലായിരുന്നു.

കുഴല്‍മന്ദം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ അധ്യാപികയായ അമിതയുടെ വിരലുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. കുഴല്‍മന്ദം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Similar News