സ്റ്റേഷന്‍ മുറ്റത്തെ കാറില്‍ 'പോലീസ് പാര്‍ട്ടി'; ഗ്രേഡ് എഎസ്‌ഐ അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; സേനയ്ക്ക് നാണക്കേടായി കഴക്കൂട്ടത്തെ പോലീസ് മദ്യപാനം

Update: 2026-01-27 05:38 GMT

തിരുവനന്തപുരം: സ്റ്റേഷന്‍ പടിക്കല്‍ മദ്യപാന സദസ്സ് ഒരുക്കിയ സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ച ഗ്രേഡ് എഎസ്‌ഐ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, മനോജ്, അരുണ്‍, അഖില്‍രാജ്, മറ്റൊരു അരുണ്‍ എന്നിവര്‍ക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.

സിവില്‍ ഡ്രസ്സില്‍ കാറിനുള്ളിലിരുന്ന് മദ്യപിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സേനയ്ക്കാകെ ഇത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. നിലവില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷനെങ്കിലും, സംഭവത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കോര്‍പിയോ കാറിനുള്ളിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സ്റ്റേഷനിലെത്തിയ മറ്റൊരാള്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥരെ കുടുക്കിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വരെ മദ്യപാന സംഘത്തില്‍ ഉണ്ടായിരുന്നു എന്നതാണ് ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

മദ്യപാനത്തിന് ശേഷം വാഹനമോടിച്ച സിവില്‍ പോലീസ് ഓഫീസര്‍ അടക്കമുള്ളവര്‍ ഇതേ കാറില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്വന്തം സ്റ്റേഷന്റെ മൂക്കിന് താഴെ നടന്ന ഈ പരസ്യമായ നിയമലംഘനം പോലീസിന്റെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്. പോലീസുകാരുടെ പെരുമാറ്റം സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

മദ്യപാന സംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വിശദമായ അന്വേഷണത്തിന് ശേഷം ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന.

Similar News