മഷിക്കറയുള്ള കീറിയെടുത്ത പുസ്തകത്താളുകളില്‍ പൂരിയും ഹല്‍വയും; മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളോട് കാട്ടിയത് കൊടുംക്രൂരത! റിപ്പബ്ലിക് ദിനാഘോഷത്തിനിടെ നാണംകെട്ട സംഭവം; ദൃശ്യങ്ങള്‍ പുറത്തായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി

Update: 2026-01-27 16:56 GMT

മൈഹാര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിയത് കീറിയെടുത്ത നോട്ടുബുക്ക് പേപ്പറുകളില്‍. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലുള്ള ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ തറയിലിരുന്ന് കുട്ടികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

ഭാട്ടിഗ്വാന്‍ ഗ്രാമത്തിലുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ഈ ദയനീയ സംഭവം നടന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക ഉച്ചഭക്ഷണമായ പൂരിയും ഹല്‍വയും വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് പഴയ പുസ്തകങ്ങളില്‍ നിന്ന് കീറിയെടുത്ത മഷിക്കറയുള്ള പേപ്പറുകളിലായിരുന്നു.

സംഭവം വിവാദമായതോടെ മൈഹാര്‍ ജില്ലാ കളക്ടര്‍ റാണി ബതാഡ് നേരിട്ട് ഇടപെടുകയും ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിഷ്ണു ത്രിപാഠിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണ് സ്‌കൂളില്‍ നടന്നതെന്ന് വിഷ്ണു ത്രിപാഠി തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനം പോലുള്ള ഒരു ദേശീയ ആഘോഷ വേളയില്‍ ഇത്തരത്തിലുണ്ടായ ഗുരുതരമായ അനാസ്ഥ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, ഭക്ഷണത്തിനായുള്ള ശരിയായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ ഇന്‍-ചാര്‍ജ് പ്രിന്‍സിപ്പലായ സുനില്‍ കുമാര്‍ ത്രിപാഠിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ രേവ ഡിവിഷന്‍ കമ്മീഷണര്‍ക്ക് കൈമാറി. ബ്ലോക്ക് റിസോഴ്‌സ് കോര്‍ഡിനേറ്ററായ പ്രദീപ് സിങിന്റെ ഒരു മാസത്തെ ശമ്പളം പിഴയായി ഈടാക്കാനും ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Similar News