മരിച്ച് 12 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങാന്‍ പ്രഭാവതി എത്തി! ബാങ്കുകാരെയും റെയില്‍വേയെയും ഞെട്ടിച്ച 'രണ്ടാം വരവ്'; യുപിയിലെ ആള്‍മാറാട്ടത്തിന് പിന്നില്‍ വന്‍ റാക്കറ്റ്? പാര്‍വ്വതി ദേവി കുടുങ്ങിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ലഖ്‌നൗ: വിരമിച്ച റെയില്‍വേ ജീവനക്കാരന്റെ ഭാര്യയായി ആള്‍മാറാട്ടം നടത്തി പെന്‍ഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീക്കെതിരെ കേസെടുത്തു. പാര്‍വതി ദേവിയെന്ന സ്ത്രീക്കെതിരെയാണ് കേസ്. റെയില്‍വേ ജീവനക്കാരനും ഭാര്യയും മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അതേ സ്ത്രീയുടെ പേരില്‍ പെന്‍ഷന്‍ തട്ടിയെടുക്കാനുള്ള നീക്കം. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ രസ്‌റയിലാണ് സംഭവം.
മാല്‍ധാനിയെന്ന മുന്‍ റെയില്‍വേ ജീവനക്കാരന്റെ ഭാര്യയെന്ന് പറഞ്ഞാണ് പാര്‍വതി ദേവി പെന്‍ഷന്‍ തട്ടാന്‍ ശ്രമിച്ചത്. റെയില്‍വേയിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പെന്‍ഷന്‍ വാങ്ങിയിരുന്ന ഇദ്ദേഹം 2007 ആഗസ്റ്റ് 28നാണ് മരിക്കുന്നത്. ഇതിനു ശേഷം ഭാര്യ പ്രഭാവതി ദേവിയാണ് പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം 2014 മാര്‍ച്ച് 21ന് പ്രഭാവതിയും മരിച്ചു.
തുടര്‍ന്ന്, മാല്‍ധാനിയുടെ ബന്ധുക്കളില്‍ ചിലര്‍ പാര്‍വതി ദേവിയെ പ്രഭാവതി ദേവി എന്ന പേരില്‍ ഹാജരാക്കിയതായും സെന്‍ട്രല്‍ ബാങ്കിന്റെ രസ്‌റ ശാഖയില്‍ നിന്ന് പെന്‍ഷന്‍ പിന്‍വലിക്കാന്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു. ഇതറിഞ്ഞ ധര്‍മേന്ദ്ര യാദവ് എന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സംഭവത്തില്‍, പാര്‍വതി ദേവി, മാല്‍ധാനിയുടെ ബന്ധുക്കള്‍, രസ്‌റ ഡെവലപ്പ്‌മെന്റ് ബ്ലോക്കിലെ ചില ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ രസ്‌റ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും എസ്എച്ച്ഒ യോഗേന്ദ്ര ബഹാദുര്‍ സിങ് പറഞ്ഞു.