ലൈസന്‍സിന് ഓരോ തലയ്ക്കും റേറ്റ്; കൈക്കൂലി വാങ്ങാന്‍ ഏജന്റും; ആര്‍ടിഒ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് വലയിലായത് വീട്ടില്‍ പണം എണ്ണുന്നതിനിടെ; ചേര്‍ത്തലയിലെ എംവിഐ കെ.ജി. ബിജു അകത്തായത് ഇങ്ങനെ
ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ഏജന്റുമാര്‍ വഴി വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒടുവില്‍ വിജിലന്‍സിന്റെ വലയിലായി. ചേര്‍ത്തല ജോയിന്റ് സബ് ആര്‍ടി ഓഫീസിലെ എംവിഐ കെ.ജി. ബിജുവാണ് പണവുമായി പിടിയിലായത്.
പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജുവിനൊപ്പം, ഇയാള്‍ക്കായി പണം പിരിച്ചുനല്‍കിയിരുന്ന ഏജന്റ് ജോസിനെയും വിജിലന്‍സ് പൊക്കി. വെള്ളിയാഴ്ച വൈകിട്ട് ബിജു താമസിക്കുന്ന ചേര്‍ത്തല എക്‌സറേ കവലയിലെ വീട്ടില്‍ വെച്ചായിരുന്നു നാടകീയമായ അന്ത്യം. ലൈസന്‍സ് എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് കൃത്യമായ 'റേറ്റ്' നിശ്ചയിച്ചായിരുന്നു ബിജുവിന്റെ കച്ചവടം. ഇരുചക്ര വാഹന ലൈസന്‍സിന് 300 രൂപയും നാലുചക്ര വാഹനത്തിന് 400 രൂപയും വീതം വേണമെന്നതായിരുന്നു ബിജുവിന്റെ ഡിമാന്‍ഡ്.
ഡ്രൈവിങ് സ്‌കൂളുകാര്‍ വഴി ഏജന്റുമാര്‍ മുഖേനയായിരുന്നു പണം വാങ്ങിയിരുന്നത്. കൈക്കൂലി നല്‍കാത്ത സ്‌കൂളുകളില്‍ നിന്ന് എത്തുന്നവരെ ബിജു മനഃപൂര്‍വ്വം ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍പ്പിക്കുമായിരുന്നു. മുഹമ്മയില്‍ നടന്ന ടെസ്റ്റില്‍ വിജയിച്ച അഞ്ച് പേരുടെ ലൈസന്‍സിനായി 2500 രൂപ നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഈ തുക ഏജന്റ് ജോസിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം.
പണം ആവശ്യപ്പെട്ട വിവരം ഡ്രൈവിങ് സ്‌കൂള്‍ ഉടമ കോട്ടയം റേഞ്ച് വിജിലന്‍സ് എസ്പി ആര്‍. ബിനുവിനെ അറിയിച്ചതോടെയാണ് വല മുറുകിയത്. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ ഏജന്റ് ജോസിനെ പണം ഏല്‍പ്പിച്ചു. ഈ തുക ബിജുവിന്റെ വീട്ടിലെത്തി കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു. കൈക്കൂലിപ്പണമായ 2500 രൂപയ്ക്ക് പുറമെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11,000 രൂപ കൂടി വിജിലന്‍സ് കണ്ടുകെട്ടി.
വര്‍ഷങ്ങളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്ന ബിജുവിനെ കുടുക്കാന്‍ ആലപ്പുഴ യൂണിറ്റ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം തന്നെയാണ് എത്തിയത്. ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത് കുമാര്‍, നിസാമുദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിക്കപ്പെട്ട ഉദ്യോഗസ്ഥനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.