പണം കിട്ടിയത് കരാറുകാരുടെ കൈയ്യില്‍ നിന്നും; വിരമിക്കല്‍ തലേന്ന് വിജിലന്‍സ് വക 'എട്ടിന്റെ പണി'; മലപ്പുറം മുനിസിപ്പല്‍ എഞ്ചിനീയര്‍ പിടിയില്‍; ബില്ലുകള്‍ ഒപ്പിടാന്‍ കരാറുകാരെ വിളിച്ചുവരുത്തിയത് രാത്രിയില്‍; 74,000 രൂപ പിടിച്ചെടുത്തത് കരാറുകാരില്‍ നിന്നും
മലപ്പുറം: ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം മലപ്പുറം മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് വിജിലന്‍സിന്റെ എട്ടിന്റെ പണി. സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കാനിരിക്കുന്ന എഞ്ചിനീയര്‍ പി.ടി. ബാബുവിന്റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരാറുകാരില്‍ നിന്ന് 74,000 രൂപ പിടികൂടി. വിരമിക്കല്‍ തലേന്ന് രാത്രി വൈകിയും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് നാടകം.
വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് വിജിലന്‍സ് സംഘം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഓഫീസില്‍ ഇരച്ചുകയറിയത്. ഈ സമയം ഉദ്യോഗസ്ഥന്‍ കരാറുകാരുടെ പെന്‍ഡിംഗ് ബില്ലുകളില്‍ ഒപ്പിടുന്ന തിരക്കിലായിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് കരാറുകാരില്‍ നിന്നാണ് പണം കണ്ടെത്തിയത്. ബില്ലുകള്‍ ഒപ്പിട്ടുനല്‍കാനായി എഞ്ചിനീയര്‍ തങ്ങളെ പ്രത്യേകം വിളിച്ചുവരുത്തിയതാണെന്നാണ് കരാറുകാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി.
വിരമിക്കലിനോട് അനുബന്ധിച്ച് എഞ്ചിനീയറുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ആഡംബര വിരുന്നും ഈ സമയം ഒരുക്കിയിരുന്നു. പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ ഹോട്ടലില്‍ പുരോഗമിക്കവെയാണ് ഓഫീസില്‍ വെച്ച് പണവുമായി ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്. ഏറെക്കാലമായി വിജിലന്‍സിന്റെ നിരീക്ഷണ വലയത്തിലായിരുന്നു ഇയാള്‍. വിരമിക്കല്‍ ദിവസം തന്നെ ഇത്തരം അഴിമതി നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പിടിച്ചെടുത്ത പണം സംബന്ധിച്ചും ബില്ലുകള്‍ ഒപ്പിട്ടുനല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിന് സമര്‍പ്പിക്കും. വിരമിക്കല്‍ ദിനത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളെപ്പോലും ബാധിച്ചേക്കാവുന്ന തരത്തിലുള്ള കടുത്ത നടപടികളിലേക്കാണ് വിജിലന്‍സ് നീങ്ങുന്നത്.