'ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ല'; വിങ്ങുന്ന കുറിപ്പെഴുതിവെച്ച് ആസിയയും നന്ദകുമാറും യാത്രയായി; ഒരേ ഫാനില്‍ തീര്‍ന്ന രണ്ട് ജീവനുകള്‍; പ്രണയത്തെ അംഗീകരിക്കാത്ത വീട്ടുകാര്‍ ഇന്ന് പൊട്ടിക്കരയുമ്പോള്‍

Update: 2026-01-31 06:40 GMT

കോട്ടയം: 'പ്രണയം വീട്ടുകാര്‍ എതിര്‍ത്തു, ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഞങ്ങള്‍ മടങ്ങുന്നു...' - ആത്മഹത്യാ കുറിപ്പിലെ ഈ വിങ്ങുന്ന വരികള്‍ ബാക്കിയാക്കി കോട്ടയത്ത് രണ്ട് യുവജീവനുകള്‍ പൊലിഞ്ഞു. ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

പുതുപ്പള്ളി സ്വദേശി നന്ദകുമാറും (22), കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയുമാണ് (20) ഒരേ ഫാനില്‍ ജീവിതം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ വൈകുന്നേരമായിട്ടും ഇവരെ പുറത്ത് കാണാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നപ്പോള്‍ കണ്ടത് ഒരേ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന രണ്ട് മൃതദേഹങ്ങളാണ്.

മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലാണ് പ്രണയപ്പകയല്ല, മറിച്ച് വീട്ടുകാരുടെ എതിര്‍പ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നത്. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാത്തതിലുള്ള കടുത്ത മാനസിക വിഷമത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഇവര്‍ കുറിപ്പില്‍ പറയുന്നു.

ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് ലോഡ്ജ് മുറിയില്‍ നിന്ന് ഇരുവരുടെയും മരണവാര്‍ത്ത പുറത്തെത്തുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രണയത്തിന് തടസ്സമായി നില്‍ക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ആ രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ നൊമ്പരക്കാഴ്ചയായാണ് ഏവരും കാണുന്നത്.

Similar News