'ഇനി എന്റെ വയറ്റില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സ്ഥലം ബാക്കിയില്ല; കുഞ്ഞിന് ഏഴ് മാസമായി; ഇതുവരെ അവന് മുലയൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല; എടുക്കാന്‍ പറ്റിയിട്ടില്ല; മുന്നോട്ടുള്ള ജീവിതം ഒട്ടും തന്നെ സാധ്യമല്ലാതാക്കിയത് ഡോ. ബിന്ദു സുന്ദറിന്റെ പ്രവൃത്തികള്‍'; പരാതിക്കാരി നല്‍കിയ മൊഴി പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിയിലെ പ്രസവ ചികിത്സപിഴവ് ആരോപണത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ചികിത്സാ പിഴവിന് കാരണം ഡോ ബിന്ദു സുന്ദര്‍ ആണെന്നാണ് പരാതിക്കാരിയുടെ മൊഴി. പിഴവ് സംഭവിച്ച ഉടന്‍ എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നങ്കില്‍ ഇത്രയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നുവെന്നും വിതുര സ്വദേശിയായ യുവതി പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നു കാട്ടി ഹസ്ന ഫാത്തിമ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കിയിരുന്നു.
കുഞ്ഞിന് ഏഴ് മാസമായി. ഇതുവരെ അവന് മുലയൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എടുക്കാന്‍ പറ്റിയിട്ടില്ല. ഡോക്ടറുടെ കൂടി മൊഴി എടുത്തതിന് ശേഷം മന്ത്രിക്ക് അയച്ചതിന് ശേഷമേ കാര്യം പറയാന്‍ പറ്റുള്ളു എന്നാണ് പറഞ്ഞിട്ടുള്ളതെന്നും പരാതിക്കാരി പറയുന്നു.
തെറ്റുപറ്റിപ്പോയി എന്ന് ഡോ. ബിന്ദു സുന്ദറിന് അപ്പോള്‍ തന്നെ പറയാമായിരുന്നു. അല്ലെങ്കില്‍ അപ്പോള്‍ തന്നെ എന്നെ എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് വിട്ടിരുന്നുവെങ്കില്‍ എന്റെ ജീവിതം ഇത്രംയും ദുസ്സഹമാകുകയില്ലായിരുന്നു. മനപ്പൂര്‍വം ഇത്രയും ബുദ്ധിമുട്ടുകള്‍ ഡോ. ബിന്ദു സുന്ദര്‍ അറിഞ്ഞുവച്ചുകൊണ്ട് വരുത്തിവച്ചതാണ്. ഇനി എന്റെ വയറ്റില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സ്ഥലം ബാക്കിയില്ല. ഡോക്ടറുടെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് ഡോക്ടര്‍ സ്വന്തം പണം മുടക്കി പ്രൈവറ്റ് ആംബുലന്‍സ് വിളിച്ച് എന്നെ മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.
23 വയസുള്ള എനിക്ക് ഇനി മുന്നോട്ടുള്ള ജീവിതം ഒട്ടും തന്നെ സാധ്യമല്ലാതാക്കിയത് ഡോ. ബിന്ദു സുന്ദറിന്റെ പ്രവൃത്തികളാണ്. എന്റെ കുഞ്ഞിനെപ്പോലും നാളിതുവരെ എനിക്ക് എടുക്കാന്‍ സാധിച്ചിട്ടില്ല. ഇത്രയും വേദന സഹിച്ച് ഞാന്‍ കിടന്നപ്പോഴും ഡോ ബിന്ദു. ഞാന്‍ അഹങ്കാരിയാണെന്നും വേദനയൊന്നും സഹിക്കില്ലെന്നും പറഞ്ഞ് അപമാനിക്കുകയാണ് ചെയ്തത് - മൊഴിയില്‍ പറയുന്നു.
പൂര്‍ണ ഗര്‍ഭിണിയായ വിതുര സ്വദേശിനി ഹസ്‌ന ഫാത്തിമ 2025 ജൂണ്‍ 18ന് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ അഡ്മിറ്റായി. 19ന് പ്രസവം നടന്നു. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടര്‍ന്ന് മലമൂത്ര വിസര്‍ജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്നയുടെ പരാതി. ഗൈനകോളജിസ്റ്റായ ഡോ. ബിന്ദുസുന്ദറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രസവത്തിനു ശേഷം തുന്നിക്കെട്ടിയത് ശരിയായ രീതിയില്‍ അല്ലെന്നും ഇതുമൂലം മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞ് അണുബാധയുണ്ടായെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി ചെയ്യേണ്ടിവന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തില്‍ ഞരമ്പ് മുറിഞ്ഞതായി സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മലമൂത്ര വിസര്‍ജനത്തിന് ബാഗുമായി നടക്കേണ്ട അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു.
2025 ജൂണ്‍ 19നാണ് പ്രസവം നടന്നത്. മൂന്നു ദിവസത്തിനു ശേഷം മുറിവില്‍ പ്രശ്നം തുടങ്ങി. തുന്നിക്കെട്ടിയതിലുണ്ടായ പിഴവ് മറച്ചു വച്ച ഡോക്ടര്‍, വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. രണ്ടു ശസ്ത്രക്രിയകള്‍ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്കായി ആറു ലക്ഷം രൂപ ചെലവായെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചപ്പോഴാണ് ശസ്ത്രക്രിയ കുടലിനെ ബാധിച്ചെന്ന് കണ്ടെത്തിയതായി ഹസ്‌ന പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ചികിത്സാപ്പിഴവ് കണ്ടെത്താനായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമി പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. വണ്ടിയില്‍ ഇരുന്ന് യാത്ര ചെയ്തതാണ് ഞരമ്പ് മുറിയാന്‍ കാരണമെന്നാണ് പ്രസവം നടത്തിയ ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.
