വണ്ടി ഓഫ് ചെയ്തില്ല, നായ കുരച്ചിട്ടും പിന്മാറിയില്ല; നാല് വയസുകാരിയെ ബൈക്കില്‍ കടത്തിയത് മിനിറ്റുകള്‍ക്കുള്ളില്‍! സിസിടിവിയില്‍ കുടുങ്ങിയ ജിഹാസിനെ പൊക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രതി 25കാരന്‍; വയനാട്ടിലെ ആ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം കണ്ടെത്തി പൊലീസ്
വയനാട്: വയനാട്ടില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കുപ്പാടിത്തറ സ്വദേശിയായ യുവാവാണ് പിടിയിലായതെന്നാണ് ലഭ്യമായ വിവരം. കോഴിക്കോട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 25കാരനായ ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. തട്ടിക്കൊണ്ടുപോകവേ കുട്ടി ബഹളമുണ്ടാക്കിയതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു. ആഭരണം തട്ടിയെടുക്കുന്നതിനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് വിവരം.
നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് കുപ്പാടിത്തറ സ്വദേശിയായ യുവാവിനെ കോഴിക്കോട് വെച്ച് പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദ്വാരക പുലിക്കാട് റോഡരികിലെ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്നയെ കാണാതായത്. പിന്നീട് 2 മണിക്കൂറിന് ശേഷം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്ത് നിന്നും ഒരാള്‍ ഇരുചക്രവാഹനം ഓടിച്ച് ബിജുവിന്റെ വീടിനരികെ എത്തുകയായിരുന്നു. വീടിന് സമീപത്തായി വണ്ടി നിര്‍ത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയുമായിരുന്നു. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു. അല്‍പ സമയത്തിനകം ഇയാള്‍ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡില്‍ നിന്നും 60 മീറ്റര്‍ മാറിയുള്ള വീട്ടിലുള്ള സി.സി ടി.വി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്.
ഈ വിവരം വെച്ചാണ് പൊലീസ് സി.സി ടി.വികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പരിശോധനയില്‍ അഞ്ചാംമൈലിലെ ഒരു സി.സി ടി.വി യിലും ഇയാള്‍ കുട്ടിയുമായി പോകുന്നത് പതിഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്. 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ച് കുട്ടിയെ കിട്ടിയതോടെയാണ് നാടിന് ആശ്വാസമായത്.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ ജോസ് പാലയാണയാണ് ഇവിടെ കുട്ടിയെ കാണുന്നത്. പിന്നീട് പൊലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. മാമന്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാള്‍ കുട്ടിയെ ദേഹോപദ്രവമൊന്നും ഏല്‍പിച്ചിട്ടില്ല. പിതാവിന്റെ പരാതിയില്‍ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. കുട്ടിയെ ചെവിയിലെ സ്വര്‍ണാഭരണം ഊരിമാറ്റാന്‍ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറുക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡില്‍ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
