'ഭര്‍ത്താവുമായി 21 വയസ്സ് വ്യത്യാസമുണ്ട്; ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്; പൊതു ഇടങ്ങളില്‍ വച്ച് അപമാനിക്കുന്നു'; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍; ഒടുവില്‍ 19-കാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് കോടതി
ഭോപ്പാല്‍: നാല്‍പത് വയസുള്ള ഭര്‍ത്താവിനൊപ്പം കഴിയാന്‍ താല്പര്യമില്ലെന്നും തനിക്ക് ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും അറിയിച്ച 19കാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് ആണ് 19 വയസ്സുകാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചത്. നിയമപരമായി പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനും പൂര്‍ണ്ണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവുമായി 21 വയസിന് വ്യത്യാസമുണ്ടെന്ന് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. പലപ്പോഴും പൊതുവിടങ്ങളില്‍ അപമാനിതയായിട്ടുണ്ടെന്നും ഭര്‍ത്താവിനൊപ്പം പോവാന്‍ താന്‍ തയാറല്ലെന്നും കോടതിയില്‍ യുവതി അറിയിക്കുകയായിരുന്നു.
തന്റെ ഭാര്യയെ അനുജ് കുമാര്‍ എന്ന യുവാവ് നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭര്‍ത്താവായ അവ്‌ധേഷ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഈ സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. കോടതി മുറിയില്‍ ഭര്‍ത്താവും മാതാപിതാക്കളും കാമുകനും സാക്ഷിയായിരിക്കെ, താന്‍ ആരുടെയും തടവിലല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് അനുജ് കുമാറിനൊപ്പം പോകുന്നതെന്നും യുവതി വ്യക്തമാക്കി.
തന്റെ ദാമ്പത്യജീവിതത്തിലെ അതൃപ്തിയെക്കുറിച്ച് വളരെ വ്യക്തമായ കാരണങ്ങളാണ് യുവതി കോടതിയില്‍ നിരത്തിയത്. ഭര്‍ത്താവുമായി തനിക്ക് 21 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഈ പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റം മോശമാണെന്നും പലപ്പോഴും പൊതുമധ്യത്തില്‍ വെച്ച് അദ്ദേഹം തന്നെ അപമാനിച്ചിട്ടുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. 40 വയസ്സുള്ള ഒരാളോടൊപ്പം സന്തോഷകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കില്ലെന്നും അതിനാല്‍ കാമുകനായ അനുജ് കുമാറിനൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവതി ഉറച്ച നിലപാടെടുത്തു.
യുവതിയുടെ പെട്ടെന്നുള്ള തീരുമാനം ഒരുപക്ഷേ വൈകാരികമായ ഒന്നാണോ എന്ന് പരിശോധിക്കാന്‍ കോടതി തയ്യാറായി. ഇതിന്റെ ഭാഗമായി യുവതിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിംഗിന് ശേഷവും യുവതി തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചു. ഇതോടെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് നിരീക്ഷിച്ച ജഡ്ജിമാര്‍, യുവതിക്ക് അവള്‍ ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം പോകാന്‍ അനുമതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ ഇഷ്ടത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ക്ക് നിയമപരമായി യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതിയെ സംരക്ഷിക്കാമെന്നും അവളുടെ സുരക്ഷ ഉറപ്പാക്കാമെന്നും അനുജ് കുമാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. എങ്കിലും യുവതിയുടെ സുരക്ഷയില്‍ കോടതി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആറുമാസക്കാലത്തേക്ക് യുവതിയുടെയും കാമുകന്റെയും ജീവിതം നിരീക്ഷിക്കാനായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ കോടതി ചുമതലപ്പെടുത്തി. യുവതി സുരക്ഷിതയാണെന്നും അവര്‍ക്ക് മറ്റ് ഭീഷണികളില്ലെന്നും ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥ നിരന്തര സമ്പര്‍ക്കം പുലര്‍ത്തണമെന്നാണ് കോടതി ഉത്തരവ്. സാമൂഹികമായ വേര്‍തിരിവുകള്‍ക്കും പ്രായവ്യത്യാസങ്ങള്‍ക്കും അപ്പുറം, വ്യക്തിയുടെ തിരഞ്ഞെടുപ്പിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
