രണ്ടു കഞ്ചാവ് കേസുകളില്‍ പ്രതിയായാല്‍ ആരേയും ആറു മാസം കരുതല്‍ തടങ്കലില്‍ വയ്ക്കാം; 'ബുള്ളറ്റ് ലേഡി'യെ പൊക്കിയത് ബംഗ്ലൂരുവില്‍ നിന്നും; ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍; നിഖിലയ്ക്ക ഇനി ബൈക്കില്ലാ കാലം
പയ്യന്നൂര്‍ : ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍. മയക്കുമരുന്ന് വില്‍പ്പനക്കേസുകളിലൂടെ കുപ്രസിദ്ധയായ 'ബുള്ളറ്റ് ലേഡി'യെ കരുതല്‍ തടങ്കലില്‍ ആക്കുന്നത് മയക്കു മരുന്ന് വ്യാപാരത്തിലെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിഖിലയെ ബെംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
പയ്യന്നൂര്‍ പുഞ്ചക്കാട് മുല്ലക്കോട് അണക്കെട്ടിന് സമീപത്തെ സി നിഖില (31)യാണ് കരുതല്‍തടങ്കലിലായത്. 2023 ഡിസംബര്‍ ഒന്നിനാണ് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ ആദ്യമായി അറസ്റ്റുചെയ്തത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22ന് 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. തുടര്‍ച്ചയായി രണ്ടു കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍തടങ്കലില്‍ വയ്ക്കുന്നതിന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശുപാര്‍ശചെയ്തത്.
പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്നതിനായി അന്വേഷകസംഘം പയ്യന്നൂരിലെ വീട്ടിലെത്തിയെങ്കിലും നിഖിലയെ കണ്ടെത്താനായില്ല. ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കേരള പൊലീസ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ്, എക്സൈസ് സൈബര്‍സെല്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നര്‍ക്കോട്ടിക് വിങ് ബംഗളൂരു, ബംഗളൂരു മഡിവാള പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് വൃന്ദാവന്‍ നഗറില്‍ താമസിച്ചുവന്ന നിഖിലയെ കണ്ടെത്തിയത്.
കരുതല്‍തടങ്കലിന്റെ കാലാവധി ആറു മാസമാണ്. ബുള്ളറ്റില്‍ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതിനാലാണ് ബുള്ളറ്റ് ലേഡിയെന്ന പേരില്‍ നിഖില അറിയപ്പെട്ടത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സ്വഭാവം നിഖിലയ്ക്കുണ്ട്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരള പൊലീസിന്റെയും ബെംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സതീഷും സംഘവുമാണ് ഒളിവില്‍ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.