ഒരു വര്‍ഷം മുമ്പ് വിവാഹ മോചനം നേടി; നിലമ്പൂരില്‍ നിന്നും കോഴിക്കോട്ടെത്തി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത് മോഹങ്ങള്‍ മനസ്സില്‍ നിറച്ച്; സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോയെങ്കിലും ടെന്റില്‍ അപകടത്തില്‍ പെട്ടത് നിഷ്മ മാത്രം; ആരുടെ കൂടെയാണ് പോയത് എന്ന് ഉമ്മയ്ക്കും അറിയില്ല; ഇതില്‍ വ്യക്തത വേണമെന്ന് ആവശ്യം; തൊള്ളായിരം കണ്ടിയിലെ അപകടം ദുരൂഹം; ആ ബ്യൂട്ടീഷ്യനെ കൊന്നതോ?

Update: 2025-05-17 06:23 GMT

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മരിച്ച നിഷ്മയുടെ അമ്മ ജെസീല പറഞ്ഞു. നിഷ്മയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അറിയില്ല. അവര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ല. തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടത്. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചത്. ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോയെന്നും ജെസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു. യാത്ര പോയതിന് ശേഷം മൂന്ന് തവണ മകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് കിട്ടിയിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. നിഷ്മ വിവാഹ മോചിതയായത് ഒരുവര്‍ഷം മുമ്പാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു പിടി സ്വപ്നങ്ങളുമായി അവള്‍ കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ബ്യൂട്ടീഷ്യന്‍ സ്ഥാപനം തുടങ്ങിയത്. മലയോര മേഖലയായ നിലമ്പൂര്‍ അകമ്പാടത്തേക്കാള്‍ ഏറെ അവസരങ്ങള്‍ കോഴിക്കോട് ലഭിക്കുമെന്നായിരുന്നു നിഷ്‌നയുടെ കണക്കുകൂട്ടല്‍. ബ്യൂട്ടീഷ്യന്‍ മേഖലയിലെത്തിയതോടെ, കല്യാണത്തിന് മണവാട്ടിയെ ഒരുക്കാനായി നിരവധി ഫോണ്‍ കോളുകളെത്തി. ഓരോ വ്യക്തിക്കും ചേരുന്ന മേക്കപ്പ് തിരഞ്ഞെടുക്കുന്നതിലെ സ്‌കില്‍ നിഷ്മയുടെ പ്രത്യേകതയായിരുന്നു.

മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നാണ് നിഷ്മ (24) മരിച്ചത്. സമീപത്തെ ടെന്റിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. തൊള്ളായിരം കണ്ടിയിലെ വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'എമറാള്‍ഡ് 900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടിലെ ടെന്റാണ് തകര്‍ന്നത്. മഴപെയ്ത് ഷെഡിന്റെ മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയപ്പോള്‍ ടെന്റിന് മുകളിലേക്ക് പതിച്ച് തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉറപ്പില്ലാത്ത ദ്രവിച്ച മരത്തടികള്‍കൊണ്ടാണ് ടെന്റ് നിര്‍മ്മിച്ചതെന്നാണ് ആരോപണം. സുഹൃത്തുക്കള്‍ക്കൊപ്പം പോയ നിഷ്മ മാത്രം എങ്ങനെ അപകടത്തില്‍പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞാണ് നിഷ്മ പോയത്. എന്നാല്‍ ടെന്റില്‍ അപകടത്തില്‍പെട്ടത് നിഷ്മ മാത്രമാണ്. കൂടെ പോയ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല, രക്ഷപ്പെടുത്താന്‍ പോയവര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ആരുടെ കൂടെയാണ് പോയത് എന്നും അറിയില്ല. ഇതില്‍ വ്യക്തത വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്നേ ദിവസം മൂന്ന് തവണ നിഷ്മ വിളിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പാണ് വിളിച്ചത്. പിന്നീട് ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. രാത്രി വിളിച്ചപ്പോള്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വ്യക്തമായില്ല. 12.30-നായിരുന്നു അപകടം എന്നാണ് വിവരം. രാത്രി അവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഒരപകടം ഉണ്ടാവുമ്പോള്‍ ഒരാള്‍ മാത്രം അതില്‍പ്പെടുകയില്ല, ഈ വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തണം എന്നും കുടുംബം ആവശ്യപ്പെട്ടു.

കൊലക്കുറ്റത്തിന് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസ് എടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഴയില്‍ പുല്ലുകൊണ്ട് മേഞ്ഞ ടെന്റില്‍ വെള്ളം കെട്ടി നിന്ന് ഭാരം കൂടി പൊട്ടിവീഴുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമകളുടെ വാദം. ഇത്ര സുരക്ഷിതമല്ലാത്ത ടെന്റ് എന്തിനാണ് താമസിക്കാന്‍ നല്‍കിയത്. ആ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, നിഷ്മയുടെ കുടുംബം ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത് എന്നാണ് സൂചന. റിസോര്‍ട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകര്‍ന്നു വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റിലായിട്ടുണ്ട്. എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്‌സ് റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News