വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവില്‍ നിന്ന് നഷ്ടമായത് 31.4 ലക്ഷം രൂപ; വ്യാജ ജോലി വാഗ്ദാനം നല്‍കുന്നത് വാട്‌സആപ്പ് വഴി; പ്രതി പിടിയില്‍; സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്

Update: 2025-04-07 04:00 GMT

പാലക്കാട്: ''വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ജോലിയില്‍ നിന്നും സ്ഥിരം വരുമാനം നേടാം'' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ്, നെന്മാറ സ്വദേശി വ്യാപാരിയുടെ കൈയില്‍ നിന്നും തട്ടിയെടുത്തത് 32.4 ലക്ഷം രൂപ. വ്യാജ ജോലി വാഗ്ദാനവുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും പിന്നീട് വലിയ തട്ടിപ്പിലേക്ക് നടത്തുകയും ചെയ്തയാളെ പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മണ്ണൂര്‍ നഗരിപ്പുരം സ്വദേശിയായ മുഹമ്മദ് അജ്മല്‍ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ തട്ടിപ്പിനു തുടക്കം കുറിച്ചത്. ബില്‍ഡിംഗുകളുടെ ലീസ് പ്രൊമോഷന്‍ ജോലികളാണെന്ന് പറഞ്ഞ് ചെറിയ തുക നിക്ഷേപിപ്പിക്കുകയും ആദ്യം ചില ലാഭം ലഭ്യമാക്കി വിശ്വാസം നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് വലിയ തുക നിക്ഷേപിച്ചപ്പോള്‍ അത് നഷ്ടമായതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍, പണം പ്രതിയുടെ പത്തിരിപ്പാലയില്‍ ഉള്ള അജ്മലിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്. തുക എത്തിയ ഉടനെ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചതായും കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം. പ്രസാദിന്റെ മേല്‍നോട്ടത്തില്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ശശികുമാറും എസ്. ഷമീറും ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News