ഒന്നര വര്‍ഷം മുമ്പ് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; പണം ചോദിച്ച് വീടിന് മുന്നില്‍ ബാനര്‍ വെച്ചു പ്രതിഷേധിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികള്‍ക്ക് മര്‍ദനം; മകന് വെട്ടേറ്റു; ക്രൂര സംഭവം വേങ്ങരയില്‍

മലപ്പുറത്ത് വയോധിക ദമ്പതികള്‍ക്ക് മര്‍ദനം; മകന് വെട്ടേറ്റു;

Update: 2024-10-12 13:31 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ വയോധികര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. വേങ്ങരയില്‍ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിനാണ് മര്‍ദ്ദനമേറ്റത്. വയോധിക ദമ്പതികളായ അസൈന്‍ (70), ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. വേങ്ങര സ്വദേശി അബ്ദുല്‍ കലാമും മകന്‍ സത്തറും കുടുംബവും ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒന്നര വര്‍ഷം സത്തറിന്, ബഷീര്‍ കടം നല്‍കിയ പണം ഇതുവരെയും തിരിച്ച് നല്‍കിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തര്‍ പണം നല്‍കാന്‍ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്.

വീടിന് മുന്നില്‍ ബാനര്‍ അടക്കം വച്ച് ബഷീര്‍ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. സംഭവത്തില്‍ വയോധിക മ്പതികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. മറ്റൊരു അയല്‍വാസിക്കും പരുക്കേറ്റതായാണ് വിവരം.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് സത്തറിന് ബഷീര്‍ പണം കടം നല്‍കിയത്. സത്തറും ബഷീറും അയല്‍വാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നാണ് വിവരം. സംഭവത്തില്‍ ബഷീര്‍ വേങ്ങര പൊലീസില്‍ പരാതി നല്‍കി.

Tags:    

Similar News