കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു; തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുന്‍പ്; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയതോടെ നിരന്തരം വഴക്ക്; മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി; രാവിലെ അയല്‍ക്കാരെ ഞെട്ടിച്ച് കരച്ചില്‍; പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ മകള്‍ക്ക് അനക്കമില്ലെന്ന്; കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍

ഓമനപ്പുഴ കൊലപാതക കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍

Update: 2025-07-03 06:37 GMT

ആലപ്പുഴ: മാരാരിക്കുളത്ത് അച്ഛന്‍ മകളെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍. അമ്മ ജെസി മോളും അമ്മാവന്‍ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിനാണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ചാണ് മകള്‍ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. പിതാവ് ജോസ്മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജാസ്മിനെ പിതാവ് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. കഴുത്തിലെ രക്തക്കുഴലുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

രാത്രിയാത്രയെ ചൊല്ലി തര്‍ക്കം

എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവതി സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ജോസ്മോനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്മോന്‍ ശകാരിച്ചിരുന്നു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു.

വഴക്കിനിടെ ജോസ്മോന്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ട് മുറുക്കുകയായിരുന്നു. സംഭവ സമയത്ത് ജോസ്മോന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ കുടുംബം രാവിലെ വരെ വീടിനുളളില്‍ ആരെയും അറിയിക്കാതെ ഇരുന്നു. പുലര്‍ച്ചെ ആറ് മണിയോടെ എയ്ഞ്ചല്‍ മരിച്ചെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. ഇന്നലെ രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറ് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.

തോര്‍ത്ത് ഉപയോഗിച്ച് കൊലപ്പെടുത്തി

തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലെ രണ്ട് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവസമയം എയ്ഞ്ചലിന്റെ അമ്മ ജെസിയും വീട്ടിലുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്‌മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്‌മോന്‍ മൊഴില്‍ നല്‍കി.

നാട്ടുകാരെ ഞെട്ടിച്ച് കരച്ചില്‍

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടക്കുന്നത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്‌മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു.

പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്‌മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്‌മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പോലീസിന് സംശയംതോന്നി.

കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍ അഴിച്ചുകിടത്തിയതാണോ എന്നായിരുന്നു പ്രധാന സംശയം. ഇതിനു വ്യക്തത വരാനായിരുന്നു ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനായില്ല. കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോരുകയായിരുന്നു ജാസ്മിന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു. കുട്ടികളില്ല.

സഹികെട്ട് ചെയ്തുപോയതാ സാറെ...

ജോസ്‌മോന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്‌മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു.

ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോന്‍ പോലീസിനോടു പറഞ്ഞത്.'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.'- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്‌മോന്റെ കുറ്റസമ്മതം.

Tags:    

Similar News