വ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ വന്‍ മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില്‍ പെടുന്നത് ഞൊടിയിടയില്‍ വന്‍ ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്

വ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി

Update: 2025-08-11 01:02 GMT

കണ്ണൂര്‍: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴിമട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറുടെ നാലുകോടി 43 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ചെന്നൈ സ്വദേശികള്‍ വന്‍ റാക്കറ്റിലെ കണ്ണികളെന്ന് സൈബര്‍ പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. കേരളത്തിലും പ്രത്യേകിച്ചു കണ്ണൂരില്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. പ്രതികളെ ഇടനിലക്കാരാക്കി വന്‍ ഓണ്‍ലൈന്‍ മാഫിയ തന്നെ പ്രവര്‍ത്തിച്ചു വരുന്നതായാണ് സൈബര്‍ പൊലിസിന്റെ നിരീക്ഷണം.

വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും 4,43,20,000/ രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസില്‍ ചെന്നൈ മങ്ങാട് സൈദ് സാദിഖ് നഗര്‍ സ്വദേശികളായ മഹബൂബാഷ ഫാറൂഖ്(39), റിജാസ്(41) എന്നിവരെയാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അന്വേഷണ സംഘം ചെന്നൈയില്‍ എത്തി അറസ്‌റ് ചെയ്തത്.

ഷെയര്‍ട്രെഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ് സ്‌ടോക്‌സ്എന്ന കമ്പനിയുടെ വെല്‍ത്ത് പ്രൊഫിറ്റ്പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴി യുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇന്‍വെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്‌ളിക്കേഷനില്‍ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.

പരാതിക്കാരന്റെ അക്കൌണ്ടില്‍ നിന്നും നഷ്ടപ്പെട്ട തുകയില്‍ 40 ലക്ഷത്തോളം രൂപ പ്രതികള്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട് . തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എംവഴി പിന്‍വലിക്കുകയും ബാക്കി തുക ഇന്റര്‍നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജിന്റെ നിര്‍ദേശപ്രകാരം അഡിഷണല്‍ എസ്പി സജേഷ് വാഴ വളപ്പിലിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഉദയകുമാര്‍, പ്രകാശന്‍, ദിജിന്‍രാജ് , ജിതിന്‍ , സുദാല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.. നിരവധിഅക്കൗണ്ട് നമ്പറുകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. സൈബര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ടി.പിപ്രജീഷ് , എ എസ് ഐ ജ്യോതി, സി.പി.ഒ സുനില്‍ , ഹെഡ് കോണ്‍സ്റ്റബിള്‍ജിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്.

Tags:    

Similar News