ഗൂഗിളില്‍ കണ്ട പരസ്യവും ലിങ്കും കണ്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു; തുക നിക്ഷേപിച്ചത് പി തവണയായി; ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടു; നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെയായപ്പോള്‍ തട്ടിപ്പ് മനസ്സിലായി; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ്; പ്രതി പിടിയില്‍; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി ആറ് ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശിയായ കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.ഒ. സ്റ്റോക്ക് ട്രേഡിങ്ങില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കല്ലേറ്റുകര സ്വദേശിയില്‍ നിന്ന് ഒരു കോടി ആറ് ലക്ഷം രൂപ തട്ടിയെടുത്തത്.
ട്രേഡിങ്ങിനെ കുറിച്ച് അറിയുന്നതിന് വേണ്ടി ഗൂഗിളില്‍ തിരഞ്ഞ പരാതിക്കാരന്‍ ഗൂഗിളില്‍ കണ്ട പരസ്യവും ലിങ്കും കണ്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുകയായിരുന്നു. പിന്നീട് ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പരുകളിലൂടെയും വിളിച്ച് ഐ.പി.ഒ. സ്റ്റോക്ക് ട്രേഡിങ്ങില്‍ വന്‍ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് രണ്ട് മാസം വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെ ബാങ്കില്‍ നിന്ന് പല തവണയായാണ് തുക നിക്ഷേപിച്ചത്. ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടു. പിന്നീട് നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ പരാതിക്കാരനില്‍നിന്ന് തട്ടിയെടുത്ത പണത്തില്‍നിന്ന് നാലുലക്ഷം രൂപ ഒരു സ്ത്രീക്ക് ചികിത്സാസഹായം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ ബാങ്ക് അകൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് അവരെക്കൊണ്ട് ആ തുക പിന്‍വലിപ്പിച്ച് അവര്‍ക്ക് ചെറിയ തുക നല്‍കി. തുടര്‍ന്ന് മുംബൈ സ്വദേശിയായ ഡാനിഷ് ദിലാവര്‍ എന്നയാള്‍ക്ക് നാലുലക്ഷം രൂപക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. സുരേഷ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇത്തരം ട്രേഡിങ്ങിലൂടെ പണം തട്ടുന്ന ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ച് വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഐ.ടി. മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് കംബോഡിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി നിര്‍ബന്ധിച്ചും പീഡിപ്പിച്ചുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിങ് നടത്തി വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിങ് ചെയ്യിപ്പിച്ച് വന്‍തുക കമ്മിഷന്‍ ലഭിച്ചിട്ടുള്ളതായി ഇരകളെ വിശ്വസിപ്പിക്കുകയും ചെയ്യും.
ശേഷം അവരില്‍നിന്ന് ഉയര്‍ന്ന തുക കൈപ്പറ്റി ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. തട്ടിപ്പു നടത്തുന്നവര്‍ കേസില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാതെ നിര്‍ധനരായ ആളുകളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ചികിത്സാസഹായം നല്‍കാമെന്നും മറ്റും വിവിധ കാരണങ്ങള്‍ പറഞ്ഞ് അവരെ തെറ്റിധരിപ്പിച്ച് തട്ടിപ്പുനടത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചശേഷം ചെറിയ തുക കമ്മിഷനായി നല്‍കും.
പിന്നീട് ആ തുക പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. എളുപ്പവഴിയില്‍ പണം സമ്പാദിക്കുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റുള്ളവരുടെ പണം പിന്‍വലിക്കുന്നതിനായി ഉപയോഗിച്ച് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഭാഗമാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.