ആലപ്പുഴയില്‍ ബാറില്‍ നിന്നും കണ്ടെടുത്തത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടിയുടെ പട്ടിക; 60 മില്ലി പെഗിനു 48 മില്ലിയുടെ അളവ്പാത്രം വെച്ച് കണ്ണൂരിലെ ബാറുകള്‍; രണ്ട് പെഗ്ഗടിച്ച് പൂസായാല്‍ മൂന്നാമത്തെ പെഗ്ഗില്‍ അളവ് കുറയും; വിജിലന്‍സിന്റെ ഓപ്പറേഷന്‍ ബാര്‍കോഡില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെയും ബാറുകളുടെയും തട്ടിപ്പുകള്‍

ആലപ്പുഴയില്‍ ബാറില്‍ നിന്നും കണ്ടെടുത്തത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടിയുടെ പട്ടിക

Update: 2025-12-30 04:09 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ ബാര്‍ കോഡ് എന്ന പേരില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത് സംസ്ഥാനത്തെ ബാറുകളും എക്‌സൈസ് ഓഫീസുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ വിവരങ്ങള്‍. സംസ്ഥാനത്തെ ബാറുകളിലും എക്‌സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കണ്ടെത്തല്‍.

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴയില്‍ ഒരു ബാറില്‍ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നല്‍കിയതിന്റെ രജിസ്റ്റര്‍ വിജിലന്‍സിന് ലഭിച്ചു. ഈ കണക്ക് ബാര്‍ മാനേജര്‍ എംഡിക്ക് നല്‍കിയതിന്റെ വാട്സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പണം നല്‍കിയതെന്നാണ് പട്ടികയിലുള്ളത്. കല്‍പ്പറ്റയിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി പോയിരിക്കുന്നത് മൂന്നുലക്ഷത്തിലധികം രൂപയാണ്. ബാറുകളില്‍ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. സെക്കന്റ്‌സ് മദ്യ വില്‍പ്പന തടയാനുള്ള എക്‌സൈസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

11ന് തുറക്കേണ്ട ബാറുകള്‍ 10 മണിക്ക് തുറന്നുവെന്നും രാത്രി 11ന് ബാറുകള്‍ അടയ്ക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. അതേസമയം, സാമ്പിള്‍ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ബാറില്‍ നടത്തി പരിശോധനയില്‍ പഴയങ്ങാടി പ്രതീക്ഷാ ബാറില്‍ 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രവും 30 മില്ലിയുടെ പാത്രത്തിനു പകരം 24 മില്ലി അളവ്പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി.

അളവില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും 25,000 രൂപ ഫൈന്‍ ഈടാക്കക്കുകയും ചെയ്തു. ബാറിലെത്തി രണ്ടോമൂന്നോ പെഗ് കഴിച്ചതിനു ശേഷം മദ്യപാനികള്‍ക്ക് മദ്യം വിളമ്പുന്നത് അളവില്‍ കുറഞ്ഞ പാത്രത്തിലാണെന്നു വിജിലന്‍സിനു നേരത്തേ വിവരം ലഭിച്ചിരുന്നു.

ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും മദ്യക്കുപ്പിക്ക് പുറത്തുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചതില്‍ മറ്റ് സ്ഥലങ്ങളിലേക്ക് അനുവദിച്ച മദ്യമാണ് ഇത് എന്നും ബ്രാന്‍ഡിലും ഇനത്തിലും വ്യത്യാസം ഉള്ളതായും കണ്ടെത്തി. എന്നാല്‍ ഇത് ക്യൂ ആര്‍ കോഡുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂര്‍ എക്‌സെസ് സര്‍ക്കിള്‍ ഓഫിസുകളില്‍ നിന്നും വിജിലന്‍സ് സംഘം വിവരങ്ങള്‍ ശേഖരിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരേയും വിജിലന്‍സ് സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.

Tags:    

Similar News