പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഐസിഎആര്‍ മുന്‍ മേധാവിയുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2025-05-11 06:35 GMT

മൈസൂര്‍: രാജ്യത്തെ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഐസിഎആര്‍ മുന്‍ മേധാവിയുമായ പത്മശ്രീ ഡോ. സുബ്ബണ്ണ അയ്യപ്പനെ (70) കാവേരി നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൈസൂരിനടുത്ത് ശ്രീരംഗപട്ടണത്തിലുള്ള കാവേരി തീരത്തായിരുന്നു മൃതദേഹം വെള്ളിയാഴ്ച രാവിലെ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ലഭിച്ചെത്തിയ പോലീസ് 11.30ഓടെ മൃതദേഹം പുറത്തെടുത്തതായി മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദണ്ഡി അറിയിച്ചു.

മെയ് ഏഴിന് അയ്യപ്പനെ കാണാതായതായി കുടുംബം മൈസൂരിലെ വിദ്യാരണ്യപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആത്മധ്യാനത്തിലും അദ്ധ്യാത്മങ്ങളിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ തിരച്ചിലിനായി നഗരത്തിലെ ധ്യാനകേന്ദ്രങ്ങളില്‍ അന്വേഷണങ്ങള്‍ നടപ്പാക്കിയെങ്കിലും നേരിയ സൂചനയും ലഭിച്ചില്ല.

ശ്രീരംഗപട്ടണത്തിനടുത്ത് പുഴയുടെ കരയില്‍ പാര്‍ക്കുചെയ്ത നിലയില്‍ ഡോ. സുബ്ബണ്ണയുടെ ഇരുചക്രവാഹനം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഉപയോഗപ്പെടുത്തി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അയ്യപ്പന്‍ സ്വന്തം വാഹനത്തില്‍ കാവേരി തീരത്തേക്ക് എത്തിയതായാണ് പ്രാഥമിക നിഗമനം. മരണത്തിന് കാരണമായ സാഹചര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി മൈസൂര്‍ പോലീസ് കമ്മീഷണര്‍ സീമ ലത്കര്‍ വ്യക്തമാക്കി.

Tags:    

Similar News