സെബാസ്റ്റിയന്റെ ഭാര്യയെ ചോദ്യം ചെയ്തത് മണിക്കൂറുകള്‍; ഒന്നും അറിയില്ലെന്ന് പറഞ്ഞ് സുബി തടിതപ്പി; റോസമ്മയുടെ മൊഴികളില്‍ നിറയുന്നത് ദുരൂഹത; ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന സെബാസ്റ്റ്യന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു; എന്നാല്‍ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; പള്ളിപ്പുറം കേസില്‍ പോലീസ് വിയര്‍ക്കുന്നു
ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്‍(65) അന്വേഷണവുമായി സഹകരിക്കുന്നില്ല. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തി. സെബാസ്റ്റ്യന്റെ സുഹൃത്ത് ചേര്‍ത്തല ശാസ്താംകവല സ്വദേശി റോസമ്മ(70)യുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡിലും പരിശോധന നടത്തി. റോസമ്മയെ ചേര്‍ത്തല പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ പോലീസിന് ഇതുവരെ നിര്‍ണ്ണായകമായ ട്വിസ്റ്റ് കേസില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെല്ലാം ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.
റോസമ്മയും കേസുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് നിഗമനം. സെബാസ്റ്റിയനെ കുറിച്ച് വ്യക്തമായ സൂചനകള്‍ റോസമ്മയ്ക്കുണ്ട്. പക്ഷേ ഒന്നും പോലീസിനോട് പറയുന്നില്ല. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍(52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ പരിശോധന. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു54)യുടെ തിരോധാനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങളും വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
കാണാതായ ഐഷയുടെ സുഹൃത്തും അയല്‍വാസിയുമാണ് റോസമ്മ. ഐഷയെ സെബാസ്റ്റ്യനു പരിചയപ്പെടുത്തിയതു റോസമ്മയാണ്. ഇതൊന്നും ഇപ്പോള്‍ അവര്‍ സമ്മതിക്കുന്നില്ല. എന്നാല്‍ ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ടു റോസമ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു പൊലീസ് പറഞ്ഞു. റോസമ്മയ്‌ക്കെതിരെ ഐഷയുടെ ബന്ധുക്കളും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേര്‍ത്തല പൊലീസാണ് ഇന്നലെ റോസമ്മയുടെ മൊഴിയെടുത്തത്. ഇവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന സെബാസ്റ്റ്യന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പലതും പരസ്പരവിരുദ്ധമാണ്. കേസുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നോ എന്നറിയാനായി അന്വേഷണസംഘം സെബാസ്റ്റ്യന്റെ ഭാര്യയെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്തത്. തനിക്കൊന്നും അറിയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്നറിയുന്നു. ഏറ്റുമാനൂരിലാണ് സെബാസ്റ്റിയന്റെ ഭാര്യ സുബി താമസിക്കുന്നത്.
സെബാസ്റ്റ്യന്‍ 17ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസിയായ ടി.ആര്‍.ഹരിദാസ് പറഞ്ഞു. അന്നു ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
വിഷയം കോടതിയില്‍ എത്തിയെങ്കിലും ബിന്ദു ഹാജരായില്ല. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ അവകാശം പള്ളിപ്പുറം സ്വദേശിക്കു നല്‍കി കോടതി വിധിച്ചു. വ്യാജ മുക്ത്യാര്‍ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
റോസമ്മയുടെ മൊഴി ഇങ്ങനെ
ഐഷ തിരോധാനക്കേസിലാണ് ചേര്‍ത്തല നെടുമ്പ്രക്കാട്ടെ വീട്ടിലെത്തി റോസമ്മയെ ചോദ്യംചെയ്തത്. റോസമ്മയുടെ കോഴിഫാമില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഐഷയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും, ഐഷയും സെബാസ്റ്റ്യനും വീട്ടില്‍ വന്നിരുന്നുവെന്നും റോസമ്മ പ്രതികരിച്ചു. സെബാസ്റ്റ്യന് റിയല്‍ എസ്റ്റേറ്റ് ഇടപാടാണ്. പറമ്പില്‍ ഇപ്പോള്‍ പരിശോധന എന്തിനെന്ന് അറിയില്ല. ഐഷയുമായി ഒരു ബന്ധവുമില്ല. വഴിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നും റോസമ്മ പറഞ്ഞു. ഐഷ അയല്‍പക്കത്ത് താമസിച്ചിരുന്ന ആളാണ്. വഴിയെ പോകുമ്പോള്‍ സംസാരിക്കുക മാത്രമാണ് ഉണ്ടായിരുന്നത്. ഐഷയെ കാണാതാകുന്ന സമയത്ത് താന്‍ പള്ളിയിലായിരുന്നു. ഫോണ്‍ കോളുകള്‍ വന്നിരുന്നു. കോഴിഫാം നില്‍ക്കുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയത് സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യനും ഐഷയുമായുള്ള ബന്ധം എന്തെന്നറിയില്ല. താനല്ല ആയിഷയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയതെന്നും റോസമ്മ പറഞ്ഞു.
അതേസമയും റോസമ്മയും ഐഷയും അടുത്ത പരിചയക്കാരെന്ന് ഐഷയുടെ ബന്ധു ഹുസൈന്‍ പറഞ്ഞു. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ട്. 2012 ല്‍ കാണാതായ ഐഷ 2016 എങ്ങനെയാണ് കോഴിഫാം വൃത്തിയാക്കാന്‍ എത്തുന്നതെന്ന് ഹുസൈന്‍ ചോദിച്ചു. സെബാസ്റ്റ്യന്‍ റോസമ്മയുടെ വീട്ടില്‍ സ്ഥിരമായി എത്തുമായിരുന്നു. റോസമ്മയെ ചോദ്യം ചെയ്യുകയും പരിസരം പരിശോധിക്കുകയും വേണം. റോസമ്മ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും ഹുസൈന്‍ പറഞ്ഞു.