വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അരുണ്‍; ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത് നാല് പേരുകള്‍; പോലീസ് അന്വേഷണം തുടങ്ങി

വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച നിലയില്‍

Update: 2025-07-14 05:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. പ്രാദേശികമായ ചില വിഷയങ്ങളില്‍ അരുണ്‍ പെട്ടിരുന്നു എന്നാണ് സൂചന.

ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജീവനൊടുക്കാന്‍ കാരണം നാല് പേരാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിനു ഉത്തരവാദികളായി പറഞ്ഞിരിക്കുന്നത് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരെയാണ്. ബിജെപി പ്രവര്‍ത്തകന്‍ അരുണിനെതിരെ ജാതിഅധിക്ഷേപ കേസ് കൊടുത്തിരുന്നു. കേസിന്റെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണം. അരുണ്‍ ആത്മഹത്യാക്കുറിപ്പിലും ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

കേസ് കാരണം തനിക്ക് പിഎസ്സി എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും സാധിക്കാത്ത സാഹചര്യമാണെന്നും കുറിപ്പില്‍ പറയുന്നു.

Tags:    

Similar News