ഓട്ടോഡ്രൈവറുമായുള്ള വഴക്കിനിടെ തടസം പിടിക്കാന്‍ ചെന്ന യുവാവിന്റെ തല സ്റ്റീല്‍ കപ്പിന് അടിച്ചു തകര്‍ത്തു; കളി കാര്യമായപ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടി നെട്ടോട്ടം; ഹൈക്കോടതിയും നല്‍കിയില്ല: ഒടുവില്‍ പന്തളം പോലീസില്‍ കീഴടങ്ങല്‍

Update: 2025-03-18 05:27 GMT

പന്തളം: മുന്‍വിരോധത്താല്‍ അയല്‍വാസിയെ സ്റ്റീല്‍ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസില്‍ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു. പന്തളം മങ്ങാരം എംഎസ്എം കഴുത്തുമൂട്ടില്‍ പടി കഴുത്തുമൂട്ടില്‍ വീട്ടില്‍ ഷാജി (53) ആണ് റിമാന്‍ഡിലായത്. കഴുത്തുമൂട്ടില്‍ പടിയില്‍ വച്ച് ഫെബ്രുവരി 10ന് രാത്രി 9.30 ന് മോടിപ്പുറത്ത് വടക്കേതില്‍ മഹേഷ് കുമാറിനെ സ്റ്റീല്‍ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മങ്ങാരം അമ്മൂമ്മക്കാവിലെ ഉച്ചാര മഹോത്സവം നടക്കുമ്പോള്‍ എഴുന്നള്ളത്തുമായി വന്നവരെ സ്വീകരിക്കുകയും കുടിവെള്ളം നല്‍കുകയും ചെയ്ത സമയം അതിനിടയിലേക്ക് വന്ന ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവറോട് ഷാജി ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതില്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മഹേഷ് കുമാറിനെ സ്റ്റീല്‍ കപ്പ് എടുത്ത് തലയില്‍ അടിക്കുകയായിരുന്നു. നെറ്റിയുടെ മുകളില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മഹേഷിനെ പന്തളം സി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് തുന്നല്‍ വേണ്ടിവന്നു.

ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നിര്‍ദ്ദേശപ്രകാരം, എസ് സി പി ഓ സോളമന്‍ ഡേവിഡ് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതി, പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവുപ്രകാരം ഇന്ന് സ്റ്റേഷനില്‍ ഹാജരായ പ്രതിയെ സാക്ഷികളെ കാണിച്ചു തിരിച്ചറിയുകയും, വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞ അടിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ കപ്പ് പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News