ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവര്‍ദ്ധനും അറസ്റ്റില്‍; ഇരുവരും അറസ്റ്റിലായത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതിലെ പങ്കു തെളിഞ്ഞതോടെ; നിര്‍ണായക അറസ്‌റ്റെന്ന് എസ്.ഐ.ടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം

Update: 2025-12-19 11:10 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിലെ സ്വര്‍ണം ഇടപാടില്‍ നേരിട്ട് പങ്കാളികളായ രണ്ട് പേരുടെ അറസ്റ്റാണ് എസ്‌ഐടി രേഖപ്പെടുത്തിയത്. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വര്‍ണംവാങ്ങിയ ബെല്ലാരി ഗോവര്‍ധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പലങ്ങളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനും. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം.

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റു എന്നാണ് എഐടിയുടെ കണ്ടെത്തല്‍. 800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ശബരിമല സ്വര്‍ണപ്പാളി കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഭാഗത്തുനിന്നുണ്ടായത് പൂര്‍ണനിസ്സഹകരണമായിരുന്നു. രേഖകളെല്ലാം തീപ്പിടിത്തത്തില്‍ നശിച്ചെന്ന മറുപടി ആവര്‍ത്തിക്കുക മാത്രമായിരുന്നു കമ്പനി അധികൃതര്‍. എന്നാല്‍, വിജിലന്‍സ് അന്വേഷണരീതി മാറ്റിയപ്പോള്‍ സ്വര്‍ണക്കണക്കുമായി സിഇഒയ്ക്ക് എത്തേണ്ടിവന്നിരുന്നു.

2019ല്‍ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ നവീകരിച്ചപ്പോള്‍ ഭാരവ്യത്യാസം വന്നതിന്റെ അന്വേഷണത്തിലാണ് നിസ്സഹകരണമുണ്ടായത്. രണ്ടാഴ്ച ചെന്നൈയില്‍ തങ്ങി അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വിവരവും കൈമാറാന്‍ സിഇഒ പങ്കജ് ഭണ്ഡാരി, വൈസ് പ്രസിഡന്റ് മുരളി എന്നിവരുള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ തയ്യാറായില്ല.

പാളികള്‍ ഓഗസ്റ്റ് 29 -ന് അവിടെ എത്തിച്ചെന്ന് രേഖപ്പെടുത്തിയ ഒരു എക്സല്‍ ഷീറ്റ് മാത്രമാണ് ആകെ നല്‍കിയ രേഖ. പാളികള്‍ എത്തിച്ചത് രേഖപ്പെടുത്തിയ രജിസ്റ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ അടുത്തിടെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നശിച്ചെന്നായിരുന്നു മറുപടി. ഇതെല്ലാം കമ്പനി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന സംശയം ബലപ്പെടുത്തി. ചെമ്പുപാളിയില്‍മാത്രമേ സ്വര്‍ണം പൂശി നല്‍കാറുള്ളൂവെന്നായിരുന്നു പങ്കജ് ഭണ്ഡാരി തുടക്കത്തില്‍ നല്‍കിയ മൊഴി. പിന്നീട് ഭണ്ഡാരിയുടെ മൊഴിയെ എടുത്ത ശേഷം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നുരുന്നു. ഈ വിമര്‍ശനത്തിന് പിന്നാലെയാണ് അറസ്റ്റു നടപടികളും ഉണ്ടായിരിക്കുന്നത്. എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കര്‍ദാസിലേക്കും എന്‍. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എസ്ഐടിയെ ഇപ്പോള്‍ സംശയനിഴലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഹൈക്കോടതി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ട തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. അന്നത്തെ, 2019-ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചു.

പത്മകുമാറിനെ പോലെ തന്നെ ഈ രണ്ട് ബോര്‍ഡ് മെമ്പര്‍മാരും കുറ്റകൃത്യത്തില്‍ ഒരേപോലെ പങ്കാളികളാണ്. ഇതില്‍ പത്മകുമാറിനെതിരെ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. മറ്റ് രണ്ടുപേര്‍ക്കെതിരെയും എന്തുകൊണ്ട് നടപടി എടുത്തില്ല. അവരെ കാര്യമായി ചോദ്യംചെയ്തതായും രേഖകളില്‍ കാണാന്‍ സാധിക്കുന്നില്ല. അത് അന്വേഷണത്തിലെ വലിയ പോരായ്മയായി കോടതി ചൂണ്ടിക്കാണിക്കുന്നു.

പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജഡ്ജി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ ഈ വിഷയങ്ങള്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെ നേരത്തെയും ഹൈക്കോടതി കടുത്ത നിലപാട് കൈക്കൊണ്ടിരുന്നു.

നേരത്തെ രണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഉണ്ടായിരുന്നു, അതില്‍ ഒന്ന് ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി ആയിരുന്ന ജയശ്രീയുടെ കാര്യത്തിലും എസ്. ശ്രീകുമാറിന്റെ കാര്യത്തിലുമായിരുന്നു. ഇത് തള്ളിക്കൊണ്ട്, ഇരുവര്‍ക്കുമെതിരെ അടിയന്തിര നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അത് വൈകിയതിലും കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News