ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തര്‍ക്കം സംസാരിച്ചു തീര്‍ത്തെന്നും ഭര്‍ത്താവ്; പരാതി വീട്ടുകാരുടെ നിര്‍ബന്ധത്താലെന്ന് യുവതി: പരാതിക്കാരി പിന്മാറിയതോടെ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇപ്പോള്‍ രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരിക്കുന്നത്.
ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുല്‍ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിച്ചത്. നേരത്തെ ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനും അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് എ.ബദറുദീന്‍ ഉത്തരവിട്ടത്.
കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയെ ക്രൂരമായി മര്‍ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി. എന്നാല്‍ വിഷയം വിവാദമായതോടെ വധശ്രമക്കേസും ഉള്‍പ്പെടുത്തി.
ഇതോടെ, ജോലി ചെയ്തിരുന്ന ജര്‍മനിയിലേക്ക് രാഹുല്‍ കടന്നു. ഇതിനിടെയാണ്, തന്നെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തര്‍ക്കം സംസാരിച്ചു തീര്‍ത്തു എന്നുമാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്നും കുളിമുറിയില്‍ വീണതുമൂലമുണ്ടായ പരുക്കാണ് തനിക്കേറ്റതെന്നുമായിരുന്നു ഇവരുടെ വാദം. വീട്ടുകാരാണ് ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടു വിട്ടിറങ്ങിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജര്‍മനിയിലായിരിക്കുമ്പോഴാണ് തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു