പ്രണയ ബന്ധം എതിർത്തതിൽ നിരന്തര തർക്കം; ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചു; പിന്നാലെ മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി മകൾ; കാമുകനെ കുറിച്ചും അന്വേഷണം

Update: 2026-01-29 12:23 GMT

ഹൈദരാബാദ്: പ്രണയബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മകൾ. തെലങ്കാനയിലെ വികാരാബാദിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന നക്കല സുരേഖ (20) ആണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സുരേഖയുടെ കാമുകനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സുരേഖയുടെ പ്രണയബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പോലീസിനോട് പറഞ്ഞു. മാതാപിതാക്കൾ തന്റെ പ്രണയം അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് അവരെ ഇല്ലാതാക്കാൻ സുരേഖ തീരുമാനിച്ചത്. താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും നാല് കുപ്പി മരുന്ന് സുരേഖ മോഷ്ടിച്ചു. തുടർന്ന് ഇത് ഉയർന്ന അളവിൽ മാതാപിതാക്കൾക്ക് കുത്തിവെക്കുകയായിരുന്നു.

കുത്തിവെപ്പിന് പിന്നാലെ സുരേഖയുടെ മാതാപിതാക്കൾ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിച്ചു. പ്രണയബന്ധത്തിന് തടസം നിന്നതിനാലാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലോ നടപ്പിലാക്കുന്നതിലോ സുരേഖയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. 

Tags:    

Similar News