ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് റൈസ് ബ്രാന്‍ഡ് ബിരിയാണി അരി വാങ്ങിയത്; ഈ അരി വെച്ച് വിവാഹ ചടങ്ങില്‍ ഉണ്ടാക്കിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ദുല്‍ഖറിനെ മുഖ്യപ്രതിയാക്കി പരാതി; മൂന്ന് പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

Update: 2025-11-05 10:17 GMT

പത്തനംതിട്ട: വിവാഹ ചടങ്ങില്‍ ഉപയോഗിച്ച ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ നടന്‍ ദുല്‍ഖര്‍ സല്‍മാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റൈസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരന്‍ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാന്‍ ഈ ബ്രാന്‍ഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ അരിച്ചാക്കില്‍ പാക്ക് ചെയ്ത ഡേറ്റും എക്സ്പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം.


പത്തനംതിട്ട വള്ളിക്കോട് ശ്രീപുരം വീട്ടില്‍ ശ്രീഹരി എന്നയാളിന്റെ വിവാഹ ചടങ്ങിലേക്കാണ് രണ്ടാം പ്രതിയുടെ കടയില്‍ നിന്നും 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി അരി വാങ്ങിയത്. ഇത് ഉപയോഗിച്ച് ബിരിയാണി റൈസും ചിക്കന്‍കറിയും വെജിറ്റബിള്‍ കറിയും ഉണ്ടാക്കിയിരുന്നു. ഈ രണ്ടു ഭക്ഷണവും കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുകയും അവര്‍ ജയരാജനെ പ്രതിയാക്കി ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായതിന് ശേഷം ബിരിയാണി അരി പരിശോധിച്ചപ്പോല്‍ അമ്പത് കിലോ ചാക്കിലെ പാക്കിങില്‍ തീയതി കാലാവധി കഴിഞ്ഞതായി കണ്ടെത്തി. ഈ പഴകിയ അരി ഉപയോഗിച്ചതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അമിത ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി ഒന്നും രണ്ടും മൂന്നും പ്രതികള്‍ കൂട്ടുത്തരവാദത്വത്തോടുകൂടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് പഴകിയ അരി വിറ്റഴിക്കുവാന്‍ കഴിഞ്ഞത്.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് എന്ന സ്ഥാപനത്തിന്റെ പരസ്യവും മൂന്നാം എതിര്‍കക്ഷിയെ പോലെ പ്രമുഖ നടനും പാരമ്പര്യമുള്ള ദുല്‍ക്കര്‍ സല്‍മാന്‍ എന്ന സെലിബ്രിറ്റി ദൃശ്യമാധ്യമങ്ങളില്‍ കൂടി നല്‍കുന്ന പരസ്യ പ്രചോദനവും പ്രമോഷനും കൊണ്ടാണ് ഈ ബിരിയാണി റൈസ് വാങ്ങാന്‍ സ്വാധീനിക്കപ്പെട്ടത്. ഈ സംഭവം മൂലം സമൂഹത്തില്‍ തന്റെ സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പിന്നീട് പല വിവാഹ പാര്‍ട്ടികളും പരിപാടി റദ്ദ് ചെയ്തിട്ടുണ്ട് എന്നും പരാതിയില്‍ പറയുന്നു.

അരി വിറ്റ മലബാര്‍ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. തന്റെ ബിസിനസിന്റെ സത്കീര്‍ത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്ന് പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഡിസംബര്‍ 12 ന് മൂന്ന് പേരോടും ഹാജരാകാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്ക് ചെലവായ 10250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News