രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്
പോണ്ടിച്ചേരി: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ പറവൂർ സ്വദേശി പോണ്ടിച്ചേരിയിൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. പറവൂർ അമ്പാട്ട് വീട്ടിൽ എ.സി. മനോജ് (48) ആണ് ബുധനാഴ്ച രാത്രി 10.30-ഓടെയാണ് മരിച്ചത്. മനോജിനെ പിടികൂടാനായി പോലീസെത്തിയപ്പോഴായിരുന്നു കെട്ടിടത്തിൽ നിന്നും ചാടിയത്. തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുമാസം മുൻപ് ലക്ഷ്മി കോളേജിനു സമീപം സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് മനോജ്. ഒരാഴ്ച മുൻപ് പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽവെച്ച് പിടികൂടാനെത്തിയ പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു. ഇയാൾ പോണ്ടിച്ചേരി കാരയ്ക്കലിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പറവൂർ പോലീസ് സംഘം അവിടെയെത്തിയത്.
പോലീസ് എത്തിയതറിഞ്ഞതോടെ, താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് പ്രതി താഴേക്ക് ചാടുകയായിരുന്നു. സമീപവാസികൾ നോക്കിനിൽക്കെയാണ് സംഭവം നടന്നത്. കാരയ്ക്കൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാരയ്ക്കൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എട്ടോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.