നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചതിന് അഴിക്കുള്ളില്‍ കിടന്നു; ജാമ്യം നേടി പുറത്തു വന്ന ശേഷവും സമാന പരാതിയില്‍ ആരോപണം നേരിട്ടു; സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനു തൂങ്ങിമരിച്ച നിലയില്‍; കൊല്ലത്തെ വാടക വിട്ടിലേത് ആത്മഹത്യയെന്ന് നിഗമനം
കൊല്ലം: സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. എറണാകുളം പിറവം സ്വദേശിയാണ്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാമെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ കേസ് എറെ വിവാദമുണ്ടാക്കുകയും ചെയ്തു.
മാനസികമായി തകര്‍ന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബര്‍ ഒന്‍പതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം യുവതിയെ പീഡിപ്പിച്ചതായും പരാതി എത്തി. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതി.
ഇതോടെ പി ജി മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പി ജി മനു ജയിലിലായിരുന്നു. പുറത്തിറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ലെന്ന വാദവും എത്തി. വീണ്ടും കേസായാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോഴാണ് യുവതിയുടെ വീട്ടില്‍ കുടുംബസമേതമെത്തി ഇയാള്‍ മാപ്പ് പറഞ്ഞതെന്നും സൂചനകളെത്തി. ഇതിനിടെയാണ് മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്‌തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകന്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.