ഭര്‍ത്താവും ഭാര്യയും തമ്മില്‍ നിരന്തരം വഴക്ക്; ദേഷ്യത്തില്‍ ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍; ഭാര്യ എട്ട് മാസം ഗര്‍ഭിണി; കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങി

Update: 2025-04-15 08:05 GMT


വിശാഖപട്ടണം: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ആന്ധ്രാപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ജ്ഞാനേശ്വര്‍ എന്നയാള്‍ തന്റെ ഭാര്യ അനുഷ (27)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവമുണ്ടായത് വിശാഖപട്ടണത്തെ പിഎം പാലെം പ്രദേശത്താണ്.

ദമ്പതികള്‍ തമ്മില്‍ അടുത്തിടെയായി സ്ഥിരം വാക്കുതര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീണ്ടും വലിയ വഴക്ക് ഉണ്ടാകുകയും, അതേത്തുടര്‍ന്ന് ജ്ഞാനേശ്വര്‍ ഭാര്യയുടെ കഴുത്ത് പിടിച്ച് ഞെരുക്കുകയും ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും എട്ട് മാസം ഗര്‍ഭിണിയായതിനാല്‍ അവശതയിലായ അനുഷ ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അനുഷ മരിച്ചെന്ന വിവരം അറിഞ്ഞതോടെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിശാഖ പട്ടണത്തിലെ പിഎം പാലെമിലെ ഉദ കോളനിയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. നഗരത്തിലെ സാഗര്‍നഗര്‍ വ്യൂപോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റര്‍ നടത്തുന്നയാളാണ് ജ്ഞാനേശ്വര്‍. മൂന്ന് വര്‍ഷം മുന്‍പ് പ്രണയ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Tags:    

Similar News