കാറോടിച്ചെന്ന് കരുതുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തു വിട്ടു പോലീസ്; ഡോക്ടര്‍ ഫരീദാബാദ് ഭീകര സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍; ഉമറിന്റെ ഉമ്മയും സഹോദരിയും കസ്റ്റഡിയില്‍; 'തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ല; സ്ഥിരീകരണം ലഭിച്ചാല്‍ അറിയിക്കാം' എന്ന് ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു

കാറോടിച്ചെന്ന് കരുതുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തു വിട്ടു പോലീസ്

Update: 2025-11-11 04:19 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീളുന്നത് ഫരീദാബാദ് ഭീകര സംഘത്തെ ചുറ്റിപ്പറ്റി. സ്‌ഫോടനക്കേസിലെ ചാവേര്‍ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ ഡോ. ഉമറിന്റെ ഉടമസ്ഥതയിലായിരുന്ന എന്നുമാണ് സൂചനകള്‍. കാര്‍ ഓടിച്ചിരുന്നത് ഉമറാണെന്ന സംശയത്തിലാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംയുക്തമായി പിടികൂടിയ 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളില്‍ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റര്‍മാരായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെയും ഡോ. മുജമ്മില്‍ ഷക്കീലിന്റെയും സഹായിയായിരുന്നു ഡോ. ഉമര്‍. കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഡോക്റ്റര്‍ ഉമര്‍ ഫരീദാബാദില്‍ നിന്ന് രക്ഷപ്പെട്ടു. പരിഭ്രാന്തനാവുകയും സ്‌ഫോടനം നടത്തുകയും ചെയ്തുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം.

പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. സംശയം തോന്നുന്ന ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതുവരെ 13 ഓളം പേരെ ചോദ്യം ചെയ്തു. അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു.

എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിനിടെ ഡല്‍ഹി സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡല്‍ഹി നോര്‍ത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജ ബന്തിയ.

'യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും ഉണ്ട്. അവര്‍ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കാതെ തിടുക്കപ്പെട്ട് പറയുന്നത് ശരിയാകില്ല' -സ്ഫോടന സ്ഥലത്തിന് സമീപം ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഫോറന്‍സിക് സംഘം സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 1-2 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പറയാന്‍ കഴിയും' -അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ അടക്കുന്നതിനെ കുറിച്ചോ അതിര്‍ത്തി അടക്കുന്നതിനെക്കുറിച്ചോ ഡല്‍ഹി പോലീസും സര്‍ക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി തനിച്ചായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ദര്യഗഞ്ചിലേക്ക് കാര്‍ എത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താന്‍ സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 100ലധികം സി.സി.ടി.വി ക്ലിപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ശാന്തത പാലിക്കാനും ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രി ഡല്‍ഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News