അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്; കേസിന് പിന്നില്‍ മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരെന്ന് പ്രതികള്‍; പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി
കൊച്ചി: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ താല്‍ക്കാലികമായി പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകന്‍, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നടപടി.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ അടൂര്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. അനാഥാലയത്തില്‍ അന്തേവാസിയായിരുന്നപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായെന്നും ഈ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നുമാണ് കേസ്. ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു കേസ്.
കസില്‍ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേര്‍ത്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നേരത്തെ ഈ കേസില്‍ ആരെയും പ്രതിചേര്‍ത്തിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തത്. നടത്തിപ്പുകാരിയുടെ മകന്‍ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമായിരുന്നു അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തിരുന്നത്.
ഇതു കൂടാതെ അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരില്‍ മര്‍ദിച്ച പരാതിയില്‍ അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തു.